Thursday, January 20, 2011

അവസരംവിശിഷ്ടാതിഥിയായി ‘എക്സ് ഫാക്ടര്‍ 2011’ ഷോയുടെ വേദിയി-ലെത്തിയ അലക്സ്, അതില്‍ പങ്കെടുക്കാനെത്തിയവരടക്കമുള്ള കാണികളോടായി, തന്റെ സംഗീതലോകത്തേക്കുള്ള കാല്‍വെപ്പിനെക്കുറിച്ചു വിവരിക്കുമ്പോള്‍ ഗദ്ഗദകണ്ഠനായി. ജീവിതപ്രാരാബ്ദങ്ങളവനെ മത്സ്യത്തൊഴിലാളിയാക്കിയെങ്കിലും, ജീവനുതുല്യം സ്നേഹിച്ച സംഗീതത്തെ തുച്ഛവരുമാനം കൊണ്ട് തന്റെ ജീവിതത്തോടു ചേര്‍ത്തുപിടിക്കാന്‍ നടത്തിയ കഠിനപ്രയത്നമോര്‍ത്തപ്പോള്‍ അവന്‍ വികാരാധീനനായി, വാക്കുകള്‍ കിട്ടാതെ വലഞ്ഞു. ആറ്റുനോറ്റു കാത്തുവെച്ച മോഹവും, പാടാനുള്ള അടങ്ങാത്ത ദാഹവുമായി പങ്കെടുത്ത ‘എക്സ് ഫാക്ടര്‍ 2006 ’ ഷോയുടെ ഓഡിഷന്‍ റൌണ്ട്, ഇന്നലെയെന്ന പോലെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു..

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, തന്റെ ജീവിതത്തില്‍ വഴിത്തിരിവു-ണ്ടാക്കിയ ആ നിര്‍ണ്ണായകനിമിഷത്തിലേക്ക്, ഓര്‍മ്മകളുടെ വാതായനങ്ങളവന്‍ തുറന്നിട്ടു. അറിയപ്പെടുന്ന ഗായകനായി-ത്തീരണമെന്ന മോഹസാഫല്യത്തിനായി, പലതും ത്യജിച്ച്, പരിശ്രമിച്ചുകൊണ്ടേയിരുന്ന അവനെ നല്ലൊരവസരം തേടിയെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അന്ന് പ്രശസ്തരാ‍യ വിധികര്‍ത്താക്കളുടെ മുമ്പിലവന്‍ ഉത്കണ്ഠാകുലനായി. ഊണുമുറക്കവുമൊഴിഞ്ഞു ഹൃദിസ്ഥമാക്കിയ വരികള്‍ പലതും മറന്നുപോയി. ആദ്യവേദിയില്‍ത്തന്നെ, കാത്തുവെച്ച മോഹപ്പൂക്കള്‍ കൊഴിഞ്ഞുവീഴുമെന്നവനു തോന്നി. തലതാഴ്ത്തി  വിധിക്കായ് കാതോര്‍ത്തുനിന്ന അവനെ വിധികര്‍ത്താക്കളിലൊരാളായ റോഹന്‍ വേദിയിലെത്തി സമാധാനിപ്പിച്ചു; പതറാതെ പാടാനുള്ള കരുത്തുനല്‍കി.

“അലക്സ്, മനസ്സു ശാന്തമാക്കി വീണ്ടും പാടൂ......”

അദ്ദേഹം മൃദുസ്വരത്തില്‍ ആവശ്യപ്പെടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

വീണ്ടുമൊരു ശ്രമം നടത്തിയെങ്കിലും, പലവരികളും ഓര്‍മ്മയില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു. എതിര്‍പ്പുകള്‍ പലഭാഗത്തു-നിന്നുണ്ടായെങ്കിലും, അടുത്തദിവസം മനസ്സുതുറന്നുപാടാന്‍ അദ്ദേഹമവനൊരവസരം കൂടി നല്‍കി. പാടിത്തീര്‍ത്ത ചുരുങ്ങിയ വരികളിലൂടെ അളവുകോല്‍ വെച്ച് തിട്ടപ്പെടുത്തി അവനിലെ കലാകാരനെ അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു എന്ന സത്യമറിയാതെ കാണികളില്‍ ചിലര്‍ മുറുമുറുത്തു..

“റോഹനു അവന്‍ കാശുവല്ലതും കൊടുത്തിട്ടുണ്ടാവും” ചിലരതു ശരിവെച്ചു !. കാത്തിരുന്നു കാണാമെന്ന മട്ടില്‍ മറ്റുചിലര്‍ ശ്രദ്ധിച്ചതേയില്ല.

മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ച്, തനിക്കൊരവസരം നല്‍കിയ ആ നല്ലമനുഷ്യനെ നിരാശപ്പെടുത്തില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത് മനസ്സിനു കരുത്തേകി. അവനിലെ പാട്ടുകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. പിറ്റേന്ന് അതേ വേദിയിലവന്‍ ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. അവിടമാകെ ആളൊഴിഞ്ഞ ഉത്സവപ്പറമ്പാണെന്നു സങ്കല്‍പ്പിച്ചവന്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്, പാട്ടിന്റെ പാലാഴി തീര്‍ത്തു. കാണികളുടെ കരഘോഷങ്ങളാല്‍ അവന്റെ മനസ്സില്‍ കുളിര്‍മഴ പെയ്തു. നന്ദിയോടെ, നിറകണ്ണുകളോടെ അവന്‍ റോഹനെ നോക്കിയപ്പോള്‍ അദ്ദേഹം അഭിമാനപൂര്‍വ്വം പെരുവിരല്‍ ഉയര്‍ത്തിക്കാണിച്ചു.

ആ നിമിഷം മുതല്‍ ഷോയിലെ സ്ഥിരാംഗമായിത്തീര്‍ന്ന അലക്സിന്റെ, പാടാനുള്ള കഴിവിലുപരി ലക്ഷ്യത്തിലെത്തി-ച്ചേരാനുള്ള കഠിനപരിശ്രമം, വൈകാതെ അവനെ കാണികളുടെ കണ്ണിലുണ്ണിയാക്കി മാറ്റി. അനുകൂലസന്ദേശങ്ങള്‍ അവനായ് പ്രവഹിച്ചു. അവസാന റൌണ്ടിലെ, അവസാന നിമിഷത്തില്‍ വിജയശ്രീലാളിതനായ് ആയിരമായിരമാശംസകള്‍ അവനെ പൊതിയുമ്പോള്‍ , റോഹന്‍ എന്ന വലിയ കലാകാരന്റെ പുതിയ സംഗീതആല്‍ബത്തിലേക്കുള്ള നവഗായകനെത്തേടി-യുള്ള യാത്ര അലക്സില്‍ അവസാനിച്ചു.

കരഘോഷങ്ങളും, ആര്‍പ്പുവിളികളും, ഇന്ന് വീണ്ടും അവന്റെ മനസ്സിനെ കുളിരണിയിച്ചപ്പോള്‍ ,ഒരു നീണ്ട നെടുവീര്‍പ്പോടെ, അവനാ പഴയ ഓര്‍മ്മകളുടെ വാതായനങ്ങള്‍ മെല്ലെയടച്ചു. ഈറനായ കണ്ണുകള്‍ തുടച്ചുകൊണ്ട്, മുമ്പ് ഇതേ വേദിയില്‍ നിന്നും സംഗീതലോകത്തേക്കു കൈപിടിച്ചുയര്‍ത്തി, ഉയരങ്ങളിലെത്താന്‍ സഹായിച്ച ഓരോരുത്തര്‍ക്കും, തന്നെ  ഇന്നീ വേദിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട്  അലക്സ് തന്റെ വാക്കുകള്‍ ഉപസംഹരിച്ചു.

38 comments:

 1. ഓരോ മേഖലയിലും, അവസരം ലഭിക്കാത്ത പ്രതിഭകള്‍ എത്രയെത്ര അല്ലേ?

  അവസരം നമ്മെത്തേടിവരില്ല, നാം ഓടിപ്പിടിക്കണം!

  ReplyDelete
 2. നമ്മെ പോലെ അറിയപ്പെടാത്ത അനേകരിൽ നിന്നും, നമ്മുടെ ഹൃദയത്തിലേക്ക് നാം അറിയാതെ ഇടം പിടിച്ചവർ എത്രയോ അത്രയും ഇത്തരം റിയാലിറ്റി ഷോ കളിൽ ജന്മം കൊണ്ടിരിക്കുന്നു. ഇനിയും ജന്മം കൊള്ളാൻ ക്യൂ നിൽക്കുന്നുണ്ടാവും….. നമുക്കും ക്യൂ നിൽക്കാം , ചുമ്മാ വെറുതെ.

  ReplyDelete
 3. ശ്വാസം മുട്ടിപ്പോയല്ലോ സ്വപ്ന സഖീ ഒറ്റ വാചകത്തിലുള്ള ഈ കഥ വായിച്ചപ്പോള്‍ !!
  കൊമാകളിട്ട് ഒറ്റ പാരഗ്രാഫില്‍ എഴുതി ക്കളഞ്ഞല്ലോ? കഥയുടെ മേന്മയാണോ ഒറ്റ വാചകത്തില്‍ എഴുതാനുള്ള മിടുക്കാണോ ഈ രചനയുഇലോദെ പ്രകടിപ്പിച്ചത് ? ആരോ ഓടി ക്കിതച്ചു വന്നു ഒറ്റ ശ്വാസത്തില്‍ ഇത് പറഞ്ഞത് പോലെയും തോന്നി ....

  ReplyDelete
 4. അവസരം വന്നപ്പോള്‍ അത് ഉപയോഗിക്കാന്‍ അറിയുന്വാന്‍ ആണ് യഥാര്‍ത്ഥ പോരാളി എന്ന് എവിടെയോ വായിച്ചു

  ReplyDelete
 5. അവസരം..അത് തന്നെ പ്രധാനം..

  ReplyDelete
 6. അവസരങ്ങള്‍ നമ്മെ തേടി വരില്ല നാം അവസരം തേടി പോവുകൌയാണ് വേണ്ടത് . നന്നായിരിക്കുന്നു

  ReplyDelete
 7. കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുക...

  രമേശ്‌ സാറിന് തോന്നിയത്‌ എനിക്കും തോന്നി,,കേട്ടോ..,ഒരു പക്ഷെ എല്ലാവര്ക്കും തോന്നിക്കാണുമല്ലേ...?

  അവസരങ്ങള്‍ പാഴാക്കാതെ നമുക്കും എഴുതാം ..അല്ലെ സ്വപ്നസഖീ...

  ReplyDelete
 8. അവസരം കിട്ടിയവന്‍ അവസാനം അവസരവാദിയാകുമോ :)

  സംഭവം ഒട്ടും റിയലല്ലാത്ത റിയാലിറ്റിഷോ ആയതുകൊണ്ട് ഒരു വല്ലായ്മയില്ലായ്കയില്ല .

  ReplyDelete
 9. ധനൂഷിന്‍റെ ഒരു തമിഴ് സിനിമയുണ്ട് .. “തിരുവിളയാടല്‍“ അതില്‍ അവന്‍ തമിഴില്‍ പറയുന്നുണ്ട്.. “ജീവിതത്തില്‍ വിജയിച്ചു കാണിക്കണം എങ്കില്‍ ഒരു അവസരം തരണമെന്ന്” ( ഡയലോഗ് ഇങ്ങനെയല്ല തമിഴിലാണ് പക്ഷെ അര്‍ത്ഥം ഏകദേശം ഇതു തന്നെ ) അതുപോലെ .. എന്തിനും ഒരു അവസരം കിട്ടുമ്പോഴെ കഴിവുകള്‍ പുറത്തെടുക്കാന്‍ കഴിയൂ... കഥയിലൂടെ നല്ല സന്ദേശമാണ് നല്‍കിയത്


  തുടക്കത്തിലെ പ്രോത്സഹാനങ്ങള്‍ ആളെ വളര്‍ത്തുകയും പരിഹാസ വിമര്‍ശനങ്ങള്‍ ആളെ തളര്‍ത്തുകയും ചെയ്യൂം അതുകൊണ്ട് തുടക്കക്കാര്‍ക്ക് പ്രോത്സാഹനം മാത്രം നല്‍കുക .

  ReplyDelete
 10. അതെ..അവസരം കിട്ടണം..
  പിന്നെ മുട്ടിയാലേ അവസരം കിട്ടൂ..
  കിട്ടുന്ന അവസരം മുതലാക്കാനും കഴിയണം..
  കഥ നന്നായി..

  ReplyDelete
 11. ഓടി പിടിച്ചിട്ടും കാര്യമില്ല .. കാശും കൊടുക്കണം :)

  ReplyDelete
 12. അവസരം ലഭിക്കാത്തത്‌ തന്നെ പലതും കൊഴിഞ്ഞു പോകുന്നതിനു കാരണം.

  ReplyDelete
 13. ഇതേതവസരമാ സഖീ???

  ഒറ്റയിരുപ്പിന്ന് വായിച്ചു കേട്ടൊ, എഴുത്ത് നന്നായതിന്റെ ഗുണം :)

  ReplyDelete
 14. ഹമ്മോ.ഹ്.ഹ്.ഹ്...ഒറ്റ ശ്വാസത്തില്‍ വായിക്കേണ്ടി വന്നു...
  എവിടേക്കാ ഇത്ര തിടുക്കത്തില്‍...?
  പോട്ടെ സാരമില്ല....
  ദേ അദ്ദാണ്...
  അവസരം നമ്മെത്തേടിവരില്ല, നാം ഓടിപ്പിടിക്കണം

  ReplyDelete
 15. കഥ പറയും കട മിഴിക്കും കിട്ടി
  നല്ലൊരു കഥ പറയാന്‍ അവസരം ..
  കഥ കേള്‍കാന്‍ ഇഷ്ടമുള്ള വായനക്കാര്‍ക്കും
  കിട്ടി നല്ല ഒരു അവസരം ..നല്ല കൊച്ചു ചിന്ത
  സ്വപ്ന സഖി ..
  പക്ഷെ റിയാലിറ്റി ഷോയിലെ റിയാലിറ്റി കള്‍ക്കും ഉണ്ട് വേറെ കഥ പറയാന്‍ ..അത് പോട്ടെ അല്ലെ എന്നാലും ഈ തിരക്കിനിടക്ക് ഇതിനും അവസരം കിട്ടിയല്ലോ ..അഭിനന്ദനം ..

  ReplyDelete
 16. തിരക്ക് പിടിക്കാതെ പറഞ്ഞിരുന്നീല്‍ ഒന്നുടെ നന്നായേനെ
  എങ്കിലും ഓക്കേ

  ReplyDelete
 17. കഴിവുള്ളവരെ തേടി അവസരമെത്തുകതന്നെ ചെയ്യും. നാം അതിനെ ഭാഗ്യം എന്നുവിളിക്കുന്നു.

  ReplyDelete
 18. കിട്ടിയ അവസരം ഞാന്‍ ഈ കഥ ഒറ്റ ശ്വാസത്തില്‍ വായിച്ചു എന്നും ഇഷ്ടപ്പെട്ടു എന്നും അറിയിക്കട്ടെ. അവസരങ്ങള്‍ നിങ്ങളുടെ പിന്നാലെ കേണു വിളിച്ചു നടക്കില്ല. കിട്ടുന്ന അവസരങ്ങള്‍ പ്രയോചനപ്പെടുത്തണം. ഈ കഥയിലെ നായകനെപ്പോലെ.

  ReplyDelete
 19. ഒരു ഖണ്ഡിക പോലും തിരിക്കാതെ , എഴുതാനുള്ള അവസരം വെറുതെ പാഴാക്കിയ റിപ്പോർട്ട് പോലുണ്ടീയവസരം...കേട്ടൊ കിനാവിന്റെ സഖിയേ

  ReplyDelete
 20. എന്റെ ചെറുകഥ വായിച്ച് ശ്വാസംമുട്ടിപ്പോയവരും, അറിയിപ്പ് കിട്ടിയയുടന്‍ ഓടിവന്നിട്ടും വായിക്കാന്‍ അവസരം കിട്ടാത്തവരും എന്നോടു ക്ഷമിക്കുക. വായിക്കാന്‍ സമയം കണ്ടെത്തിയവര്‍ക്കും,അഭിപ്രായം തുറന്നുപറഞ്ഞവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  പലമേഖലകളില്‍ ജീവിതമാര്‍ഗ്ഗം തേടിപ്പോയവര്‍ക്ക് ,തങ്ങളുടെ ഉള്ളിലുറങ്ങിക്കിടന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരമല്ലേ ബ്ളോഗ്!!

  ReplyDelete
 21. വായിച്ചു. നേരത്തെ വന്നിരുന്നു. പക്ഷേ പാരഗ്രാഫ് തിരിക്കാത്തതു കൊണ്ട് വായിക്കനേ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ശരിയായി... അവസരം കിട്ടിയിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തവരും ഒരുപാടില്ലേ. ഇന്നത്തെ കാലഘട്ടത്തിനനുയോജ്യമായ വിഷയം. നന്നായി എഴുതി..

  ReplyDelete
 22. അവസരം എല്ലാരും നല്ലവണ്ണം പ്രയോജനപ്പെടുത്തുക,
  ?പുതിയ തട്ടുകട തുടങ്ങിയ ശേഷം സഖിയെ അങ്ങോട്ട്‌ കാണാനേ ഇല്ലാലോ

  ReplyDelete
 23. എനിക്ക് ഒരവസരം കിട്ടട്ടെ..

  ReplyDelete
 24. Shimee..ithu vayichappo..Idea star singer Jobiyude kadha anonnu samshayam thonni..nalloru kadha ...ithupole janmam konda ethrayo..Alaxmar nammude sangeethlokathundaavum..avarkkoru samarpanamayi ee kadha..ashamsakal...

  ReplyDelete
 25. ഇപ്പൊ കുറേക്കൂടി നന്നായിട്ടുണ്ട്..
  എഴുത്ത് തുടരൂ.ആശംസകള്‍..

  ReplyDelete
 26. ഒരു അവസരം കിട്ടണമെങ്കിലും വാസ്ത വേണം....

  ReplyDelete
 27. അലക്സിനെപ്പോലെ ജീവിതം ഒരു പോരാട്ടമായിക്കാണുന്നവരും അവനവന്റെ കഴിവുകളിൽ വിശ്വസിച്ചു മുന്നേറുന്നവരും കുറവ്. റോഹനെപ്പോലെ ഒരു ഉപാധികളുമില്ലാതെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നവർ തീരെക്കുറവ്. എല്ലായിടത്തും അവനവനിസം വളർന്നു തഴക്കുമ്പോൾ യഥാർത്ഥ പ്രതിഭകൾക്ക് സ്ഥാനം എവിടെ?

  ReplyDelete
 28. പ്രതിഭയുണ്ടെങ്കിൽ അവസരം താനേ വരുമെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്.

  ReplyDelete
 29. അവസരങ്ങള്‍ വരും വന്നപോലെതന്നെ പോവുകയും ചെയ്യും ആരെയും കാത്തുനില്‍ക്കില്ല, ഈ വാക്കുകള്‍ അനുഭവ പാഠങ്ങളില്‍ നിന്നും കുറിച്ചത്.

  ReplyDelete
 30. ദൈവം, ഒരു അവസരം എല്ലാപേർക്കും കൊടുക്കും..ചിലപ്പോൽ ഒരിക്കൽക്കൂടെ... അതു മനസ്സിലാക്കി, പ്രയോജനപ്പെടുത്തുന്നവരുടെ ഈശ്വരൻ കാണും. ഇല്ലെങ്കിൽ കൈവിട്ടുകളയും. നല്ല വായനക്ക് നന്ദി..സസ്നേഹം. ചന്തുനായർ. http://chandunair.blogspot.com/

  ReplyDelete
 31. ഹോ..ആശ്വാസമായി..

  ReplyDelete
 32. എല്ലാവര്‍ക്കും ഓരോ സമയമുണ്ട്.........!!

  നന്നായിട്ടുണ്ട് എഴുത്ത്......!!

  ReplyDelete
 33. അവസരത്തിനും,ഉയര്ച്ചക്കും വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ ശുഭ സൂച്ചകമാണെന്ന അഭിപ്രായമില്ല.
  റിയാലിറ്റി ഷോയിലൂടെ പലരുടെയും, പലതിന്റെയും, "റിയാലിറ്റി"
  നഷ്ടപ്പെട്ടതു മിച്ചം.

  ജന്മസിദ്ധമാണ് കലാവാസന.അത് പരിപോഷിപ്പിക്കാന്‍ കടുത്ത ശ്രമമാവശ്യമാണ്.
  ആ ശ്രമത്തില്‍ ആര്‍ത്തി സ്ഫുരിക്കുമ്പോള്‍,റിയാലിറ്റി കള്‍ നമ്മുടെ "റിയാലിറ്റി" നഷ്ടപ്പെടുത്തും.

  പ്രോല്‍സാഹനം ആവശ്യമാണ്‌.അതിരുകടന്ന പ്രശംസ
  വിപരീതഫലമാവുകയും ചെയ്യും.

  റിയാലിറ്റി ഷോകളിലെ, മറക്കുള്ളിലെ റിയല്‍ ഷോകളിലെ നാറ്റം,ഇതിനായി തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഇനിയും മനസ്സിലാകുന്നില്ലെന്നുവേണം കരുതാന്‍.

  ചാണകത്തോഴുത്തില്‍ കിടന്നു ആകാശത്തിലെ സ്വര്‍ണ്ണ കൊട്ടാരത്തിലെ രാജകുമാരനോ,രാജ്കുമാരിയായോ, സ്വപ്നം കാണുന്നത്,ആര്‍ത്തിയാണ്.

  പിച്ച വെച്ച്, പിച്ചവെച്ചു നാം ആകാശമല്ല, പ്രപഞ്ചത്തെ തന്നെ നേടാന്‍ ശ്രമിക്കുമ്പോള്‍, അതിന്നു ദൈവത്തിന്റെ പ്രോത്സാഹനവും,അനുഗ്രഹവും ഉണ്ടാകും, ആ അനുഗ്രഹം സ്ഥായിയാണ് താനും.

  എഴുത്തിന് ഭാവുകങ്ങള്‍,
  --- ഫാരിസ്‌

  ReplyDelete
 34. അവസരം കിട്ടാത്തത് കൊണ്ട് വായിക്കാന്‍ ഞാനും വൈകി.
  പക്ഷെ കഥ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

  ReplyDelete
 35. എന്റെയീ ചെറുകഥ വായിക്കാന്‍ അവസരം കണ്ടെത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നമുക്ക് കഴിവുതെളിയിക്കാന്‍ ഒരു അവസരത്തിനായി പരിശ്രമിക്കുകയും, കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യാം.

  സത്യം പറഞ്ഞാല്‍ ഇതൊരു നടന്ന സംഭവമാണ്. കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി, എന്റെ ഭാഷയിലെഴുതി എന്നേയുള്ളൂ. പക്ഷേ ബിജലി, ഐഡിയ സ്റ്റാര്‍ സിംഗറിലെ ജോബിയാണോ എന്നു സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ആരെന്നു വ്യക്തമാക്കാം. ഒരു വിധികര്‍ത്താവ് പ്രോത്സാഹിപ്പിച്ച് ഉയര്‍ത്തിയെടുത്ത ആ കലാകാരന്റെ പേരു ആല്‍ട്ടിയന്‍ ചൈല്‍ഡ്സ് എന്നാണ്. ഒരു ഫോര്‍ക്ക്ലിഫ്റ്റ് ഡ്രൈവര്‍ ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ തരുന്നതായിരിക്കും.

  ReplyDelete