Thursday, January 6, 2011

ദേ..മാനത്തേക്കൊന്നു നോക്കിയേ..“മേഘദൂത് ! ”

[ പ്രിയ കൂട്ടുകാരേ..പഴയ വീഞ്ഞിന്റെ കുപ്പിയൊന്നു മാറ്റിയതാ...]
അന്നൊരു അവധി ദിവസമായിരുന്നതിനാല്‍ ഷോപ്പിംഗൊക്കെ കഴിഞ്ഞ ശേഷം നഗരഹൃദയഭാഗത്തൊക്കെ ഒന്നു കറങ്ങാമെന്നു കരുതി മെല്ലെ മുന്നോട്ടു നീങ്ങിയപ്പോഴാണ്, വഴിയരികില്‍ നില്‍ക്കുന്നവരുടേയും, പുഴയരികില്‍ നില്‍ക്കുന്നവരുടേയും നോട്ടം മുകളിലേക്കാണെന്ന കാര്യമെന്റെ ശ്രദ്ധയില്‍പ്പെട്ടത്. 

ഉഷ്ണകാലവും, നട്ടുച്ചസമയവും, ശൂന്യാകാശത്തേക്കുളള നോട്ടവും കണ്ട് , അവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു കരുതി മെല്ലെ വലിയാനൊരുങ്ങുമ്പോഴാണ് കൂട്ടത്തിലൊരാള്‍ എന്നെ തോണ്ടി, മേല്‍പ്പോട്ടേക്കു വിരല്‍ ചൂണ്ടിയത്. ഇന്നെന്താ ആകാശം ഇടിഞ്ഞു വീഴാന്‍ പോകുകയാണോ? അതോ ആരെങ്കിലും മേലെ നിന്ന് പുഷ്പവൃഷ്ടി നടത്താന്‍ പോകുകയാണോ? എന്നൊക്കെ കരുതി മനസ്സില്ലാ മനസ്സോടെ ഞാനും ഒളികണ്ണിട്ടു നോക്കി. നല്ല തെളിഞ്ഞ നീലാകാശത്ത്  ‘ m’ എന്ന തൂവെളള അക്ഷരം കണ്ട്, എന്റെ രണ്ടു കണ്ണുകളും തുറിച്ചങ്ങാകാശത്ത് തറച്ചു. ഒരു മാതിരി പൊട്ടത്തി പൂരം കണ്ട പോലെ !! 


അവിടെകൂടിയിരുന്നവരില്‍ പലരുടേയും കണ്ണുകള്‍ക്കൊപ്പം ക്യാമറക്കണ്ണുകളും ആകാശത്തേക്ക് ഉറ്റുനോക്കുകയാണ്. എന്നാല്‍ ഞാനോ??.... “നായീനെ കാണുമ്പൊ കല്ലു കാണില്ല” എന്ന അവസ്ഥയിലായിരുന്നു. എന്നെപ്പറഞ്ഞിട്ടും കാര്യമില്ല; ഷോപ്പിംഗിനു പോകുമ്പോ ആരെങ്കിലും ക്യാമറ കൊണ്ടുനടക്ക്വോ........? പോട്ടെ, സാരമില്ല; ഒരു നിമിഷം വിടാതെ ആ കാഴ്ച മനസ്സിലേക്കു പകര്‍ത്തിവെക്കാമെന്നുകരുതുമ്പോഴേക്കും ‘ m ’ ന്റെ അടുത്തായി ‘ a ’ എന്ന അക്ഷരം കൂടി രൂപം കൊണ്ടിരുന്നു. എനിക്കു ഹരം പിടിച്ചു. എന്താണെഴുതുന്നതെന്നറിയാനൊരാകാംക്ഷ ! Grr...എന്നു രാമായണം വായിക്കാന്‍ തുടങ്ങിയ വയറിനെ മെല്ലെ പറഞ്ഞു സമാധാനിപ്പിക്കുമ്പോഴേക്കും ' marr ' എന്നു തെളിഞ്ഞുവന്നു. 


അക്ഷരങ്ങള്‍ എഴുതി വരുന്നതിന്റെ ഗുട്ടന്‍സറിയാന്‍ സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ-സമാധാനപ്രാവിനെ പോലുള്ളൊരു കുഞ്ഞു വെള്ളവിമാനമങ്ങനെ ചിലന്തി, വല നെയ്യുന്നതുപോലെ തലങ്ങനെയും, വിലങ്ങനേയും പ്രത്യേക പാറ്റേണില്‍ പറക്കുന്നത് കണ്ടത് !അങ്ങോട്ടുമിങ്ങോട്ടുമങ്ങനെ പറക്കുന്നതിനിടയില്‍ ആവശ്യമുള്ളിടത്തു മാത്രം തൂവെളള പുകവിട്ട് ഓരോ അക്ഷരത്തേയും മെനഞ്ഞെടുക്കുകയാണത് . ‘ marry ’  എന്നായി മാറിയതോടെ ഇതൊരു വിവാഹാഭ്യര്‍ത്ഥനയാണെന്ന നിഗമനത്തില്‍ എല്ലാരുമെത്തി.

പരസ്യങ്ങളായും,ക്ഷമാപണമായും,ആശംസകളായും പലതരം *സ്കൈറൈറ്റിംഗ് കണ്ടിട്ടുണ്ടെങ്കിലും, വിവാഹാഭ്യര്‍ത്ഥന എഴുതുന്നതിങ്ങനെ നേരില്‍ കാണുന്നതാദ്യമായായിരുന്നു. marry me’ എന്നായി മാറാന്‍ അധികസമയമൊന്നുമെടുത്തില്ല. 

marry me shimi എന്നാവുമോ? എന്റെ ചങ്കിടിച്ചു! ഭര്‍ത്താവും,മോനും വഴിയാധാരമായിപോവല്ലേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട്, മേലോട്ടുനോക്കി. കാറ്റുളളതുകൊണ്ടായിരിക്കണം ; ഓടുന്ന ബസ്സിന്റെ ഫോട്ടോ എടുത്താലുളളതുപോലെ,  marry അല്പം മാഞ്ഞുതുടങ്ങിയിരുന്നു. 

ശ്വാസം വിടാതെ നോക്കിനില്‍ക്കുമ്പോള്‍ , ഒരു വര തെളിഞ്ഞു വന്നു, വിമാനം കോണോടുകോണ്‍ നീങ്ങുമ്പോഴേക്കുമതു ‘  K ’ ആയി മാറി.......  ഭാഗ്യം! എന്റെ പേരല്ല...എനിക്കു സമാധാനമായി(മായോ?) . എന്തായാലും ആ പണക്കാരന്‍ കാമുകന്റെ ഭാഗ്യവതിയുടെ പേരറിയാമെന്നുറച്ച്, വിശക്കുന്ന വയറോടെ വായും പൊളിച്ചു മേല്പോട്ടു നോക്കിനിന്നു. Kate ആയിരിക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട്         ‘ Ke ’ തെളിഞ്ഞു. 

പെണ്ണിന്റെ മനസ്സിനെ സ്വാധീനിക്കാന്‍ വേണ്ടി, എന്തുത്യാഗവും ചെയ്യാന്‍ തയ്യാറുളളവനും, അവന്റെ പെണ്ണും ആ ചുറ്റുവട്ടത്തെവിടെയോ ഉണ്ടാവുമെന്നെനിക്കു മനസ്സിലായി. ഞാന്‍ ചിന്തിച്ചു തലപുണ്ണാക്കുമ്പോഴേക്കും ‘ Kerr ’ എന്നു തെളിഞ്ഞുവന്നു.

ഒടുവിലായി ചെറിയൊരു വരക്കുമുകളിലായി ഒരുപൂര്‍ണ്ണവിരാമ(.)മിട്ട് ‘ i ’എന്നെഴുതിയ വിമാനം, എഴുത്തിനു വിരാമമിട്ട് അതിന്റെ പാട്ടിനു പോയി.  Kerri  എന്ന് എഴുതിത്തെളിഞ്ഞുവരുമ്പോഴേക്കും marry വായിക്കാന്‍ കഴിയാത്ത വിധം മാഞ്ഞുകഴിഞ്ഞിരുന്നു. 


തുടക്കം മുതല്‍ കണ്ണിമചിമ്മാതെ നോക്കിനില്‍ക്കുന്നതു കൊണ്ട്  marry me Kerri  ആണെന്നു മനസ്സിലാക്കാനെനിക്കൊരു വിഷമവുമുണ്ടായില്ല. 

എന്തായാലും, ഈയൊരു പന്ത്രണ്ടക്ഷരം ആകാശത്തിലെഴുതിക്കാന്‍ Kerri യുടെ ബോയ്ഫ്രണ്ട്, ഒരു പാടു കാശു കളഞ്ഞുകാണും. പോരാത്തതിനു Kerri സമ്മതം പറയുമെന്നതിന് , ഒരു ഗാരണ്ടിയുമില്ലതാനും!.. അഥവാ അവള്‍ മുഖം തിരിച്ചു നടന്നെങ്കില്‍ , അവന്റെ കക്ഷത്തിലുളളതു വീണും പോയി...ഉത്തരത്തിലുളളതു കിട്ടിയതുമില്ല എന്ന അവസ്ഥയിലെത്തുമെന്നുള്ളതിനു ഈ ഞാന്‍ ഗാരണ്ടി !!! 
                                                  
                                                      
                                                          *-*-*-*-*-*-
*താഴെ ഭൂമിയില്‍ നില്‍ക്കുന്നവര്‍ക്ക് വായിക്കാന്‍ പാകത്തില്‍ ആകാശത്തെഴുതുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചവരാണ്  ആ ചെറിയ വിമാനം പറപ്പിക്കുന്നത്. സ്കൈറൈറ്റിംഗ് സേവനം നല്‍കുന്ന ചില കമ്പനികള്‍ തന്നെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. എന്തുവേണമെങ്കിലും, ആകാശത്തെവിടെവേണമെങ്കിലും അവര്‍ എഴുതും.. പണം മാത്രമേ വേണ്ടൂ.... അല്പനേരത്തെ ആയുസ്സ് മാത്രമേ അക്ഷരങ്ങള്‍ക്കുള്ളൂവെങ്കിലും, എഴുതുന്ന അക്ഷരമെണ്ണി അവര്‍ പണം വാങ്ങിക്കും. പുതിയതും,മികച്ചതുമായ സ്കൈറൈറ്റിംഗ് വിദ്യ കൊണ്ടെഴുതുന്ന ഒരു പരസ്യം, ഏകദേശം 3000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുളളവര്‍ക്ക് കാണാന്‍ സാധിക്കുമെന്ന്‍ ചില കമ്പനികള്‍ അവകാശപ്പെടുന്നു, കൂടാതെ സന്ദേശം ആകാശത്തുനിന്നും മാഞ്ഞുപോയതിനു ശേഷവും ഏറെക്കാലം പൊതുജനങ്ങളുടെ മനസ്സിലതു മായാതെ കിടക്കുമെന്നതാണതിന്റെ നല്ലവശം. വിവാഹാഭ്യര്‍ത്ഥനയാണെങ്കില്‍ പെണ്‍കിളി വീണതുതന്നെ.


[ചിത്രങ്ങളെല്ലാം ഗൂഗിളില്‍ നിന്ന് ]21 comments:

 1. ഹ ഹ ഇത് കൊള്ളമല്ലോ

  ReplyDelete
 2. മഹേഷിന്റെ കമന്റ് ചിരിപ്പിച്ചു

  ReplyDelete
 3. പുതുമയുള്ള പോസ്റ്റ്‌,
  ആരാ,,ഈ കെറി,ഏതാ ആ ചെക്കന്‍!

  ReplyDelete
 4. കുളക്കരയില്‍ വന്നിരുന്നു,,ല്ലേ..

  ReplyDelete
 5. ഒന്ന് പരീക്ഷിച്ചാലോ...എന്തെങ്കിലും തടഞ്ഞാലോ.. ഹി ഹി !
  ( ചുമ്മാ )

  ReplyDelete
 6. ഹാഹ്ഹ ..ചാണ്ടീടെ കമെന്റു വായിച്ചു ചിരിച്ചതാ...
  ഷിമീ സംഭവം കൊള്ളാട്ടോ...

  ReplyDelete
 7. കലക്കി.... മാനം നോക്കിയാനല്ലേ

  ReplyDelete
 8. പുതുവര്‍ഷത്തില്‍ പുതുമയോടെ തുടങ്ങി അല്ലേ, ആശംസകള്‍.. ഏതായാലും ഈ പ്രണയത്തിനെ ഒരു കാര്യം..

  ReplyDelete
 9. എന്തായാലും സംഭവം കിടിലന്‍

  ReplyDelete
 10. puthuma niranja postnu abhinandanangal.............

  ReplyDelete
 11. മേഘദൂത് കണ്ട് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 12. Marry Me shimi ennu alla.. if angina aanu enkil bharthavum kuttiyum vazhiyadharam aayi poovillae?.. ha h aa?.. appole angina yyanu karyangaluda kidappu.. allae?..

  ReplyDelete
 13. very interesting post.
  greetings from trichur.
  trichur poorathinu kshanikkunnu.

  ReplyDelete
 14. ഉഗ്രൻ! അവതരണവും.

  ReplyDelete
 15. പുത്തൻ കുപ്പിയിലും ഈ വീഞ്ഞിന് നല്ല സ്വാദ് കേട്ടൊ ഷിമി

  ReplyDelete
 16. അപ്പൊ എപ്പഴും മാനം നോക്കി നടക്കണം എന്നര്‍ത്ഥം..
  പുതിയൊരു അറിവ് എത്തിച്ചു തന്ന കൂട്ടുകാരിയ്ക്ക് ആശംസകള്‍.

  ReplyDelete
 17. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നന്നായിട്ടുണ്ട് കേട്ടോ. എനിക്കൊരു പരസ്യം കൊടുക്കണമായിരുന്നു, പക്ഷെ എന്തു ചെലവ് വരുമായിരിക്കും...???

  ReplyDelete