Monday, January 5, 2015

തണലേകിയവര്‍ തിരികെ പോകുന്ന വഴി



ജീവിതത്തിലെ ചില വഴിത്തിരിവുകളുണ്ട്
അവിടെവെച്ചാണ്, നമ്മെ മുന്നോട്ടു നയിച്ചവര്‍
ചിലപ്പോള്‍ മെല്ലെ തിരിഞ്ഞു നടക്കുന്നത്
മുള്‍പ്പടര്‍പ്പു നിറഞ്ഞ പാതയോരത്ത്
നാം പകച്ചു തനിച്ചായിപ്പോകുന്നത്.

പിന്നോട്ട് നടന്നുനടന്ന്‍ കുട്ടിക്കാലത്തിന്റെ
കോണിലെത്തുമ്പോഴാണവര്‍
മനസ്സിനു ഭാരമില്ലാത്ത കുഞ്ഞായും,
കനം കൂടിയ മനസുമായ് നമ്മളവരുടെ
രക്ഷിതാവായും മാറ്റപ്പെടുന്നത്.

കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളാണ് പതിയെ
ദിനചര്യകളായി വഴിമാറുന്നത്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തുരുതുരെ
ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും
എല്ലാറ്റിനും നമ്മള്‍ ഉത്തരം കണ്ടുവെയ്ക്കണം.
കിട്ടാത്ത ഉത്തരങ്ങള്‍ക്ക് നടുവില്‍
അണപൊട്ടിയൊഴുകുന്ന വികാരങ്ങളെ
സ്നേഹത്തിന്നാഴങ്ങളില്‍ അലിയിക്കണം.

ഉത്കണ്ഠകള്‍ ഭീതി പരത്തുമ്പോള്‍ ,
മുഖക്കണ്ണാടിയില്‍ കരിനിഴല്‍ പരക്കും
മറ്റാരും കേള്‍ക്കാത്ത ശബ്ദങ്ങള്‍
കാതുകളില്‍ ഊളിയിട്ടു വരും
ഒറ്റപ്പെടലുകള്‍ തേടിയെത്തും
മൌനമേഘങ്ങള്‍ മനസ്സിലുരുണ്ടുകൂടും.
കടലോളം ക്ഷമയും, കല്ലോളം കരളുറപ്പും
അവര്‍ക്കായ് നാം ഉറ്റവരില്‍ നിന്നും
കടംവാങ്ങി സൂക്ഷിക്കണം.

വര്‍ഷങ്ങള്‍ നീണ്ട സഹനത്തിനൊടുവില്‍
ആശ്വാസവും, പ്രതീക്ഷയും അസ്ഥാനത്താവും
നമ്മള്‍ നിസ്സഹായരാവും..വൈദ്യശാസ്ത്രവും!

പിന്നെ മെല്ലെയവര്‍ നടന്നു നീങ്ങുന്നത്
മണ്ണിന്‍ ഗര്‍ഭപാത്രത്തിലേക്കായിരിക്കും
ഒരു കുഞ്ഞു ചെടിയായ് പുനര്‍ജ്ജനിച്ച്
വീണ്ടും തുടരുമവരുടെ ജീവിതയാത്ര.

14 comments:

  1. പിന്നെ മെല്ലെയവര്‍ നടന്നു നീങ്ങുന്നത്
    മണ്ണിന്‍ ഗര്‍ഭപാത്രത്തിലേക്കായിരിക്കും
    ഒരു കുഞ്ഞു ചെടിയായ് പുനര്‍ജ്ജനിച്ച്
    വീണ്ടും തുടരുമവരുടെ ജീവിതയാത്ര.
    നന്നായി കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍..ഈ പ്രോത്സാഹനത്തിനു..

      Delete
  2. Replies
    1. അതെ... നന്ദി റാംജിസര്‍ ..

      Delete
  3. നമ്മൾ നിസ്സഹായരാകുന്നതിനു വളരെ മുൻപേ തന്നെ കാലത്തിന്റെ പ്രവാഹത്തിൽ പെട്ടവർ എന്ന ഒരു ലേബൽ നമ്മൾ അവരിൽ ചാർത്തും. നല്ല എഴുത്ത്.

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete
  4. കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളാണ് പതിയെ
    ദിനചര്യകളായി വഴിമാറുന്നത്.
    വളരെ സത്യം. ഭാവുകങ്ങൾ

    ReplyDelete
  5. കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളാണ് പതിയെ
    ദിനചര്യകളായി വഴിമാറുന്നത്.
    വളരെ സത്യം. ഭാവുകങ്ങൾ

    ReplyDelete
    Replies
    1. എന്റെ വരികളിലൂടെ കടന്നുപോകാന്‍ സമയം കണ്ടെത്തിയതിനു നന്ദി. സന്തോഷം

      Delete
  6. പിന്നോട്ട് നടന്നുനടന്ന്‍ കുട്ടിക്കാലത്തിന്റെ
    കോണിലെത്തുമ്പോഴാണവര്‍
    മനസ്സിനു ഭാരമില്ലാത്ത കുഞ്ഞായും,
    കനം കൂടിയ മനസുമായ് നമ്മളവരുടെ
    രക്ഷിതാവായും മാറ്റപ്പെടുന്നത്.

    ReplyDelete
  7. "കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളാണ് പതിയെ
    ദിനചര്യകളായി വഴിമാറുന്നത്."

    ശരി തന്നെ...

    ReplyDelete
    Replies
    1. ശ്രീ..ഇതുവഴി വീണ്ടും വന്നതില്‍ സന്തോഷം. നന്ദി.

      Delete
  8. ഞാനും ഇതെപ്പോഴുമോര്‍ക്കാറുണ്ട്.
    കുഞ്ഞുങ്ങളില്‍ നിന്നും ഒരേയൊരു വ്യത്യാസമേയുള്ളൂ... കുഞ്ഞുങ്ങള്‍ നിഷ്കളങ്കര്‍.. ഇവർ ഒരു ജന്മം അനുഭവിച്ചറിഞ്ഞവര്‍... അതു കൊണ്ടായിരിക്കാം ചിലപ്പോള്‍ ചിലരെല്ലാം ചിലര്‍ക്കെല്ലാം ഒരു ഭാരമായി തോന്നുന്നത്.!!

    ReplyDelete