Monday, June 30, 2014

ഏപ്രില്‍ 11 - ലോക പാര്‍ക്കിന്‍സന്‍സ് ദിനം.ഏപ്രില്‍ 11, ലോക പാര്‍ക്കിന്‍സന്‍സ് ദിനം. പാര്‍ക്കിന്‍സന്‍സ് എന്ന മാറാരോഗാവസ്ഥയെക്കുറിച്ചും, ഇത്തരം രോഗികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും, മാനസികവുമായ വെല്ലുവിളികളെക്കുറിച്ചും കഴിയുന്നത്ര ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പാര്‍ക്കിന്‍സന്‍സ് ദിനമായി ആചരിക്കുന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ രോഗാവസ്ഥയെക്കുറിച്ചാദ്യമായി വിവരിച്ചത്, 1817ല്‍ ജെയിംസ് പാര്‍ക്കിന്‍സന്‍ എന്ന ഇംഗ്ളീഷ് ഡോക്ടറായതിനാല്‍ ഈ രോഗം പിന്നീട് പാര്‍ക്കിന്‍സന്‍സ് ഡിസീസ് എന്നപേരില്‍ അറിയപ്പെടുകയായിരുന്നു.

പാര്‍ക്കിന്‍സന്‍സ് ഡിസീസ് എന്നാല്‍ തലച്ചോറിലെ ഒരു പ്രത്യേക ഭാഗത്തെ (substantia nigra) നാഡീകോശങ്ങള്‍ (neurons) നശിക്കുകയോ, അതിന്റെ ശേഷി നഷ്ടപ്പെടുകയോ ചെയ്യുന്നു. ഇത്തരം കോശങ്ങള്‍ നശിക്കുന്നതു വഴി, തലച്ചോറിലെ സന്ദേശവാഹകരായ ഡോപമിന്‍ (Dopamine) എന്ന രാസവസ്തുവിന്റെ അളവ് കുറയുകയും, ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെ അതു കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ഡോപമിന്‍ ഉത്പാദിപ്പിക്കുന്ന ഏകദേശം 70% കോശങ്ങള്‍ നശിക്കുന്നതിലൂടെ പാര്‍ക്കിന്‍സന്‍സ് രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നു.

പാര്‍ക്കിന്‍സന്‍സ് ഡിസീസ് ബാധിതനായ ഒരാളില്‍ നാഡികള്‍ക്കു ക്ഷയം സംഭവിക്കുന്നതു നിമിത്തം കാലക്രമേണ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനശേഷി കുറഞ്ഞു കുറഞ്ഞു , രോഗത്തിന്റെ മൂര്‍ദ്ദന്യത്തില്‍ ആ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന ഭീകരമായ അവസ്ഥയിലെത്തിച്ചേരുന്നു. ഉദാഹരണമായി കൈകാ‍ലുകളുടെ ചലനശേഷി, സംസാരശേഷിയെന്നിവയ്ക്കു പുറമേ ചിരി, മുഖഭാവമാറ്റങ്ങള്‍ തുടങ്ങിയ ലളിതമായ പ്രക്രിയകളുള്‍പ്പെടെ ഒന്നു കണ്ണടയ്ക്കുന്നതുപോലും വിഷമകരമായിത്തീരുന്നു.

ഓരോ വര്‍ഷം കഴിയുന്തോറും രോഗലക്ഷണങ്ങള്‍ കൂടുതല്‍ വ്യാപ്തിയോടെ വ്യക്തമായിക്കൊണ്ടിരിക്കുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. പ്രാഥമിക കാര്യങ്ങള്‍ക്കു പോലും പരസഹായം ആവശ്യമായിവരുന്നതിലുപരി മാനസികമായും പല വിഷമതകളും അനുഭവിക്കേണ്ടിവരുന്നു. നിസ്സാരകാര്യങ്ങള്‍ക്കു പോലും അമിതമായി ഉത്കണ്ഠാകുലനാവുന്ന രോഗി സമൂഹത്തിന്റെ കണ്ണില്‍ പരിഹാസകഥാപാത്രമാവുന്നു. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിനു മടിക്കുന്ന അവര്‍ വൈകാതെ വിഷാദരോഗത്തിനടിമപ്പെടുകയും ചെയ്യുന്നു.

രോഗകാരണങ്ങളെ പരിസ്ഥിതിയിലെ രാസവസ്തുക്കളേയും, ജനിതകപാരമ്പര്യത്തേയും ബന്ധപ്പെടുത്തി ചില പഠനങ്ങളില്‍ നിന്നറിയാന്‍ കഴിയുന്നുണ്ടെങ്കിലും, അതു വ്യക്തമായി തെളിയിക്കപ്പെടാത്ത കാലത്തോളം രോഗകാരണം അജ്ഞാതം തന്നെ. സാധാരണയായി, പ്രായമായവരില്‍ , നൂറില്‍ ഒരാള്‍ക്കെന്ന കണക്കില്‍ ബാധിച്ചിരുന്ന ഈ രോഗം, ഇന്ന് പ്രായഭേദമന്യേ ചെറുപ്പക്കാരിലും കണ്ടുവരുന്നെന്നത് ദു:ഖകരമായ ഒരു സത്യമാണ്. ലോകത്തിലാകെ 5 മില്യണിലധികം ആളുകള്‍ ഈ രോഗത്തിനിരയായവരില്‍പ്പെടുന്നെന്നു ഈയിടെ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഒരാളിലെ രോഗം ഏതുതരത്തില്‍ , എത്രമാത്രം വേഗത്തില്‍ അതിന്റെ പാരമ്യത്തിലെത്തുമെന്ന് ഡോക്ടര്‍മാര്‍ക്കുപോലും പ്രവചിക്കാന്‍ കഴിയില്ലെന്നത് നിരാശാജനകമാണ്. എങ്കിലും ആദ്യഘട്ടത്തിലെ രോഗനിര്‍ണ്ണയവും, മരുന്നിനു പുറമേ ചില തെറാപ്പികള്‍ , യോഗ തുടങ്ങിയ വ്യായാമമുറകളിലൂടെ, രോഗലക്ഷണങ്ങളെ ഒരളവില്‍ , അല്പകാലത്തേക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നത് ആശ്വാസകരമായൊരു കാര്യമാണ്. ഈ മാറാരോഗത്തിന്റെ പിടിയിലമര്‍ന്നുപോയ എല്ലാവര്‍ക്കും, അതിന്റെ വിഷമതകള്‍ പങ്കിട്ടനുഭവിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഇതു സമര്‍പ്പിക്കുന്നു. പൂര്‍ണ്ണമായും രോഗമുക്തി സാധ്യമാക്കുന്ന ചികിത്സാരീതി ഇന്നു നിലവില്ലെങ്കിലും, സമീപഭാവിയില്‍ അതു പ്രതീക്ഷിച്ചു കൊണ്ട്.....പ്രാര്‍ത്ഥനയോടെ......

ഷിമിRef : http://voices.yahoo.com/parkinsons-disease-emotional-psychological-238479.html?cat=70 http://voices.yahoo.com/slow-process-parkinsons-disease-70251.html?cat=5 http://voices.yahoo.com/parkinsons-disease-tips-sufferers-63470.html?cat=5 http://voices.yahoo.com/parkinsons-disease-symptoms-treatments-perhaps-109386.html?cat=70 http://www.emedicinehealth.com/parkinson_disease/page2_em.htm#parkinsons_disease_causes https://www.michaeljfox.org/understanding-parkinsons/living-with-pd/topic.php?causes http://www.medtronic.com.au/your-health/parkinsons-disease/index.htm http://www.umm.edu/parkinsons/facts.htm http://www.parkinsonsdiseaseindia.com/news7.htm

8 comments:

 1. ഒറ്റപ്പെടലുകള്‍ ഇഴഞ്ഞെത്തുന്നതാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.

  ReplyDelete
  Replies
  1. അതെ..ഇത്തരക്കാരെ, ഒറ്റപ്പെടലുകള്‍ എളുപ്പം തേടിയെത്തുന്നു.. വായനയ്ക്ക് നന്ദി സര്‍

   Delete
 2. രോഗങ്ങളില്ലാത്തൊരു ലോകം വന്നിരുന്നെങ്കില്‍!

  ReplyDelete
  Replies
  1. മാറാരോഗങ്ങളില്ലാത്ത ലോകം...വായനയ്ക്ക്....നന്ദി സര്‍

   Delete
 3. Replies
  1. ഇതുവഴി വന്നതില്‍ സന്തോഷം. നന്ദി.

   Delete
 4. ഈ രോഗത്തെ കുറിച്ച് നന്നായി പറഞ്ഞു...

  ReplyDelete