Tuesday, February 4, 2014

കൂടുമാറ്റം



ഇന്നേക്ക് അവന് പതിനെട്ടുവയസ്സു തികയുകയാണ് . എന്റെ ഉണ്ണി കടുത്ത പോരാട്ടം തുടങ്ങിയിട്ടു നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ !. പരിണാമദശയിലെത്തിനില്‍ക്കുന്ന... പുറന്തോടില്‍ നിന്നും പൂര്‍ണ്ണസ്വതന്ത്രനായ്... സമൂഹത്തിലൊരു സ്ഥാനമുറപ്പിക്കാനുള്ള അവകാശം ഇന്നുമുതല്‍ അവനില്‍ നിക്ഷിപ്തമാണ്. അത്യധികം സന്തോഷത്തിലാണവന്‍ . ഒരമ്മയെന്നനിലയില്‍ സഹിക്കാനാവില്ലെങ്കിലും, അവന്റെ സന്തോഷം ഒരുതരത്തിലെനിക്കൊരാശ്വാസം തന്നെയാണ്‍.

ഉറക്കം വരാത്ത രാത്രികളില്‍ ഓര്‍മ്മകളെന്നെ എത്രതവണ പുറകോട്ടുനടത്തിയിരിക്കുന്നു. അവന്‍ സ്വയം തിരിച്ചറിഞ്ഞ ദിനത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളിലേക്ക് പതിവുപോലെ അറിയാതെയാണ് തെന്നിവീണത്. രവിയേട്ടന്‍ ആഗ്രഹിച്ചതുപോലെ തന്നെ രണ്ടുപെണ്മക്കള്‍ക്കൊടുവില്‍ കിട്ടിയൊരാണ്‍തരി. നാളെയീ കുടുംബത്തിന്റെ നെടുംതൂണാവേണ്ടവന്‍ . അവധിദിവസങ്ങളില്‍ മിക്കപ്പോഴും എനിക്കൊരുകൂട്ടായ് അടുക്കളയില്‍ തന്നെയായിരിക്കും. പതിവുപോലെ അന്നും, ഞാന്‍ കറിക്കരിയുന്നതും നോക്കി കൊഞ്ചിക്കുഴഞ്ഞോരോന്നും അവന്‍ ചോദിക്കുന്നുണ്ടായിരുന്നു. ജോലിത്തിരക്കിനിടയില്‍ അകത്തുനിന്ന്, മാളുവിന്റെ “അമ്മേ..” എന്നുറക്കെയുള്ള വിളികേട്ട് ഓടിച്ചെന്നപ്പോഴേക്കും ഉണ്ണി നിലവിളിച്ചുകൊണ്ടാണെന്നെ കെട്ടിപ്പിടിച്ചത്. ഞാന്‍ കാര്യമറിയാതെ മാളുവിനെ ശകാരിച്ചു തുടങ്ങിയപ്പോഴാണ്, മുറിയുടെ കോണിലേക്ക് അവള്‍ കൈചൂണ്ടിയത്. വലിച്ചെറിഞ്ഞ നിലയിലുള്ള കത്തിയിലെന്റെ കണ്ണുകളുടക്കി. നെഞ്ചില്ലൂടൊരു മിന്നല്‍പ്പിണര്‍ മിന്നിമാഞ്ഞു. എന്റെ പരിഭ്രാന്തി കണ്ടായിരിക്കണം അവന്‍ വിക്കിവിക്കി എന്തൊക്കെയോ പറയാന്‍ തുടങ്ങി.

“ഈ ഇച്ചിച്ചി നിക്ക് വേണ്ടമ്മേ...അമ്മൂനുമില്ല.. .. ആന്റീടെ കുഞ്ഞാവക്കുമില്ല...നിക്കും വേണ്ടാ..... മ്മേ..... .....”

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നെങ്കിലും മുഖത്തൊരു നിശ്ചയദാര്‍ഢ്യം നിഴലിച്ചിരുന്നു. വാക്കുകള്‍ അവ്യക്തമെങ്കിലും പറയുന്നതിന്റെ പൊരുള്‍ , അവന്റെ കുഞ്ഞുതുടകളില്‍ അവിടവിടെ വീണ കത്തിയുടെ പാടുകള്‍ പറയുന്നുണ്ടായിരുന്നു. മാളു ഇത്തിരി വൈകിയിരുന്നെങ്കില്‍ !. മേലാസകലം ഒരു തണുപ്പ് അരിച്ചുകയറുന്നതുപോലെയെനിക്കു തോന്നി.ഒരു നിമിഷത്തേക്ക് മരവിച്ചുപോയ ശരീരത്തേയും, മനസ്സിനെയും വീണ്ടെടുത്ത് വിറയാര്‍ന്ന കൈകളാല്‍ അവനെ വാരിയെടുത്ത് ചോരപൊടിയുന്ന വരകളില്‍ തണുത്തവെള്ളം കോരിയൊഴിച്ചു.

“ഇല്ല മുറിവ് ആഴത്തിലെത്തിയില്ല.”

ഒരു നിമിഷത്തേക്ക് ആശ്വസിക്കാനായെങ്കിലും, ആ പിഞ്ചുമനസ്സ് പിടയുന്നതെന്തിനെന്നാലോചിക്കുന്തോറും പരിഭ്രാന്തിയിരട്ടിച്ചു വന്നു. ആറുവയസ്സുകാരന്റെ വെറുമൊരു ശാഠ്യമായ് തള്ളിക്കളയാന്‍ എനിക്കാവുന്നുണ്ടായിരുന്നില്ല. മുറിവുതുടച്ച് ആന്റിസെപ്റ്റിക് പുരട്ടുമ്പോള്‍ ഏങ്ങലടിച്ചു കരയുകയായിരുന്ന അവനെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വലഞ്ഞു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്നുപോവാതിരിക്കാന്‍ രവിയേട്ടന്റെ സാമീപ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു.

അവന്റെ ജനനം മുതല്‍ അന്നുവരെയുള്ള ഓര്‍മ്മകളില്‍ നിന്നു ഞങ്ങള്‍ ചികഞ്ഞെടുത്തത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. കളിപ്പാട്ടങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും പാവകളോടും മറ്റുമായിരുന്നു അവനു താല്പര്യം...പെണ്‍കുട്ടികളായിരുന്നു അവന്റെ ഉറ്റചങ്ങാതിമാര്‍ .ഒരുനാള്‍ ആരുമറിയാതെ അമ്മുവിന്റെ,നിറയെ ഞൊറികളുള്ള വെള്ളയുടുപ്പിട്ട്, മാലയും, വളകളുമണിഞ്ഞ് കണ്ണാടി നോക്കുന്ന ഉണ്ണിയെ കാണിച്ചു തന്നത് മാളുവായിരുന്നു. കണ്ണെഴുതിക്കൊടുത്തും, പൊട്ടുകുത്തിയും കുഞ്ഞനുജനെ ഒരു കുഞ്ഞുമാലാഖയെപ്പോലെ വീണ്ടുമണിയിച്ചൊരുക്കിയ കാര്യം അവള്‍ എത്ര സന്തോഷത്തോടെയാണ് രവിയേട്ടന്‍ വിളിച്ചപ്പൊ വിവരിച്ചുകൊടുത്തത്.

പലരും പറഞ്ഞതുപോലെ... അച്ഛന്റെ സാമീപ്യമില്ലാതെ വളരുന്ന കുട്ടികളില്‍ സ്വാഭാവികമായും കണ്ടുവരുന്ന ചില നേരത്തെ നിസ്സാരവികൃതികള്‍ ..അത്രമാത്രം! പക്ഷേ... വിദഗ്ദ്ധപരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍ വെളിപ്പെടുത്തിയ സത്യം ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറത്തായിരുന്നു.
“വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ജെന്‍ഡര്‍ ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്ന അവസ്ഥയാണിത്. എതിര്‍ലിംഗത്തിന്റെ ശരീരവും സാമൂഹ്യസ്ഥാനവും കിട്ടാനുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം.

‘താന്‍ പെണ്ണാണ് ’ എന്ന തോന്നല്‍ വളരെ ശക്തമായതുകൊണ്ടായിരിക്കാം ഉണ്ണി അന്ന് ആ സാഹസത്തിനു മുതിര്‍ന്നത്. ” ഡോക്ടര്‍ നമുക്കു വ്യക്തമാകുന്ന തരത്തില്‍ വിശദീകരിച്ചുകൊണ്ടിരുന്നു.
ചില സൈക്കോതെറാപ്പികള്‍ ചിലപ്പോള്‍ ഈ അസുഖത്തിന് ഫലംചെയ്യാറുണ്ട്. ഇത്തരം ചികിത്സകളില്‍ മനസ്സ് മാറാത്തവര്‍ക്ക്, ശരീരത്തെ എതിര്‍ലിംഗത്തിലേക്ക് മാറ്റാനുള്ള സര്‍ജറികളും ലഭ്യമാണ്.

രവിയേട്ടന്റെ മുഖം മ്ളാനമായിരുന്നു. നീണ്ട മൌനത്തെ ഭേദിച്ചുകൊണ്ട് എന്തോ ചോദിക്കാനൊരുങ്ങിയപ്പോള്‍ അവര്‍ ഗദ്ഗദകണ്ഠനായി.

“അപ്പൊ എന്റെയുണ്ണി .... ”

“അവന്റെ ഇഷ്ടത്തിനു വിടുക.വളര്‍ന്നു വരുമ്പോള്‍ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ അവനെ തളര്‍ത്തിയേക്കാം..മനോധൈര്യം കൊടുക്കുക...അല്ലാത്ത പക്ഷം ....”

അല്പനേരത്തെ മൌനത്തിനു ശേഷം ഡോക്ടര്‍ തുടര്‍ന്നു....
“അവനു പ്രായപൂര്‍ത്തിയായാല്‍ മാത്രമേ സര്‍ജറിയെക്കുറിച്ചൊരു തീരുമാനമെടുക്കാനുള്ള അവകാശമുള്ളൂ.”
ഇതു പറഞ്ഞു നിറുത്തുമ്പോള്‍ ഉണ്ണി ഒന്നുമറിയാതെ കൈയ്യിലുള്ള ചിത്രകഥാപുസ്തകത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.

പതിയെ നെറ്റിയിലമര്‍ന്ന നനുത്ത സ്പര്‍ശമാണെന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്.പിന്നീടുള്ള ഓരോ ദിവസവും മാറ്റത്തിന്റേതായിരുന്നു. ഏകമകന്‍ മകളായിക്കൊണ്ടിരിക്കുന്ന മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഓരോ നിമിഷവും ഞാന്‍ മനസ്സിനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. വീട്ടിലവന്‍ തീര്‍ത്തും ഉണ്ണിമായയായി മാറിക്കഴിഞ്ഞിരുന്നു. വേഷത്തിലും..ഭാവത്തിലും..എല്ലാം. പിന്നീടങ്ങോട്ട് സ്ക്കൂളിലും. അതില്‍ ഏറെ സന്തോഷിച്ചത് അമ്മുവും, മാളുവുമായിരുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഉണ്ണിയെ ‘മായ’യാക്കിയണിയിച്ചൊരുക്കാനവര്‍ മത്സരിച്ചു.

സ്ക്കൂളിലവന്‍ പരിഹാസകഥാപാത്രമാകുന്നത് അമ്മൂനും,മാളൂനും സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു. പെണ്‍കുട്ടികളുടെ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ അവന് വിലക്കേര്‍പ്പെടുത്തിയവരെ അവര്‍ ശക്തമായി എതിര്‍ത്തു. സ്ക്കൂളിലേക്കു പോകില്ലെന്നു വാശിപിടിച്ച അവനു അച്ഛന്റെ സാമീപ്യം വളരെ ആശ്വാസമായി.
വളരുന്തോറും പ്രതിസന്ധികളേറി വന്നെങ്കിലും ഹോര്‍മോണ്‍ ചികിത്സയോടൊപ്പം, മുഖത്തെ അനാവശ്യരോമങ്ങള്‍ എന്നെന്നേക്കുമായി നീക്കം ചെയ്തത് അവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കൌമാരപ്രായമായപ്പോഴേക്കും എന്റെയുണ്ണിയെ പൂര്‍ണ്ണമായും നഷ്ടമായിക്കഴിഞ്ഞിരുന്നു. പകരം..ഉണ്ണിമായയെക്കിട്ടിയതില്‍ ആശ്വാസം കണ്ടെത്തുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

പൊട്ടിച്ചിരികള്‍ക്കിടയിലെ “അമ്മേ” എന്ന നേര്‍ത്ത വിളിയാണെന്നെ അമ്പരപ്പിക്കുന്ന കാഴ്ചയിലേക്കെത്തിച്ചത്. ഒരുപാടു പ്രത്യേകതകളുള്ള ഈ പതിനെട്ടാംപിറന്നാളിനു അവളെ സാരിയുടുപ്പിക്കാനുള്ള തിരക്കിലാണ് ഇന്ന് ചേച്ചിമാര്‍ . അവര്‍ മൂവരും പലതും പറഞ്ഞു പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പോള്‍ മൂന്നു മാലാഖമാര്‍ മുന്നില്‍ വന്നു പുഞ്ചിരിതൂകി ആശ്വാസമേകുന്നതായെനിക്കു തോന്നി.

18 comments:

  1. ആരും അധികം പറയാത്ത കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...പതിവായുള്ള ഈ വരവിനും, വായനയ്ക്കും.

      Delete
  2. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  3. എന്നത്തേയും പോലെ വന്നതിനും, കഥ വായിച്ചതിനും.. നന്ദി തങ്കപ്പേട്ടാ..

    ReplyDelete
  4. ആണായി ജനിച്ചു പെണ്ണായി ജീവിച്ച്‌ ..... നല്ല കഥയും അവതരണവും.

    ReplyDelete
    Replies
    1. നന്ദി സര്‍ , വന്നതിനും, വായിച്ചതിനും, അഭിപ്രായമറിയിച്ചതിനും.

      Delete
  5. കൂടുമാറ്റം ....പ്രതിസന്ധികളേറി

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി കാറ്റേ.. :)

      Delete
  6. ചാന്തു പൊട്ടിലെ ദിലീപിനെ അനുസ്മരിപ്പിക്കുന്ന കഥ.
    അവതരണം നന്നായി.എളുപ്പത്തിൽ പറഞ്ഞു.

    ReplyDelete
    Replies
    1. ഹായ് മെയ് മാസപ്പൂവ് എത്തിയല്ലോ...കണ്ടിട്ടൊരുപാടു നാളായി. ഇതുവഴി വീണ്ടും വന്നതില്‍ വളരെ നന്ദി.
      അതെ..ചാന്തുപൊട്ടിലെ ദിലീപിനെ പോലെ ... തനിക്കനുയോജ്യമല്ലാത്ത ശരീരത്തില്‍ പെട്ടുപോയ ആത്മാക്കളെ പോലെ ഉരുകി ജീവിക്കുന്നു.

      Delete
  7. മനസ്സില്‍ പതിയുന്നവിധം നന്നായി അവതരിപ്പിച്ചു.
    തിരുത്താന്‍ പറ്റാതെ ചിലത് വളര്‍ന്നു തന്നെ ഇരിക്കും.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  8. റാംജി സാര്‍ ...വീണ്ടും കണ്ടതിലും, കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും വളരെ സന്തോഷം. നന്ദി.

    ReplyDelete
  9. ഒരുപാട് പേരുണ്ട് നമുക്കിടയില്‍ ഇതുപോലെ...അവരെ പുച്ഛിക്കാനും പരിഹസിക്കാനും മാത്രമേ ആളുകളുള്ളൂ...അവരുടെ ദുഃഖങ്ങള്‍ അറിയാന്‍ ആരുമില്ല...

    ReplyDelete
  10. ശരിയാണ് സംഗീത്..
    ഇതുവഴി വന്നതിലും, വായിച്ചതിലും സന്തോഷം..നന്ദി

    ReplyDelete
  11. ഉള്ളിൽ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നൂ...

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി മാഷെ.

      Delete
  12. Replies
    1. ഇതുവഴി വന്നതിലും വായിച്ചതിലും സന്തോഷം

      Delete