Tuesday, November 23, 2010

മായ്ക്കാന്‍ കഴിയാത്ത തലേവരകള്‍
ആ വീടിന്റെ പടിയിറങ്ങുമ്പോള്‍ ബാല്യം വിട്ടുമാറാത്ത അവന്റെ മുഖത്ത് കുറ്റബോധത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഓടിക്കൂടിയവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചു. മീശമുളയ്ക്കാത്ത കൊച്ചുപയ്യന്‍ ചെയ്തുവെച്ച വില്ലത്തരം പലര്‍ക്കും സംസാരവിഷയമായി. ആ കുടുംബത്തെ അടുത്തറിയാവുന്നവര്‍ പറഞ്ഞുകേട്ട വിവരങ്ങള്‍ പൊടിപ്പും,തൊങ്ങലും ചേര്‍ത്ത് പലരും കുശുകുശുക്കാന്‍ തുടങ്ങി. 

“എന്താ‍ ഈ കുട്ടിക്കു പറ്റിയത്?” ആ വീട്ടുമുറ്റത്തേക്കു വന്നു 
കേറുന്നവരോരോരുത്തരും അമ്പരപ്പോടെ 
ചോദിച്ചുകൊണ്ടിരുന്നു.


“അവളുടെ മറ്റവനുമായുളള ബന്ധം കൊണ്ടല്ലേ...
കെട്ടിയോനിട്ടേച്ചു പോയത് ; അതു വല്ലതും
ഈ ചെക്കനറിഞ്ഞുകാണും.” ചിലര്‍ രോഷത്തോടെ പറഞ്ഞു.“ചെക്കന്‍ , ചില്ലറ വഷളത്തരങ്ങളൊക്കെയുണ്ടേലും, പഠിക്കാന്‍ മിടുക്കനാണെന്നാ പിളളാരു പറഞ്ഞത്. അതിന്റെ ഭാവി തുലഞ്ഞു.”“പിള്ളേരെ നേര്‍വഴിക്കു നടത്തുന്നതില്‍ അച്ഛനമ്മമാര്‍ക്കുള്ള പങ്ക്
പപ്പാതിയാണ്.വെറുതെയല്ല;പടച്ചോന്‍ ആണിനേം,
പെണ്ണിനേം പപ്പാതിയായി സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.
ഇതിപ്പൊ രണ്ടും രണ്ടു ദിശയിലല്ലേ...പിന്നെങ്ങനെയാ.........” അയാള്‍ മുഴുമിപ്പിച്ചില്ല.“ജീവന്‍ പോയില്ലെന്നാ കേട്ടത്. ഇനിയവള്‍ ജീവിച്ചിട്ടുതന്നെ എന്താ കാര്യം?? അവളൊരുത്തി കാരണം കുടുംബം ചിന്നഭിന്നമായില്ലേ?” 

ജുവനൈല്‍ ഹോമിന്റെ വണ്ടി കണ്ണില്‍ നിന്നും മറയുന്നതുവരെ കുശുകുശുപ്പിങ്ങനെ തുടര്‍ന്നു.


ദുര്‍ഗ്ഗുണപരിഹാരപാഠശാലയുടെ പടുകൂറ്റന്‍ ചുവരുകള്‍ക്ക് കഥകളേറെ പറയാനുണ്ടായിരുന്നെങ്കിലും, അനൂപിന്റെ കഥകേട്ട് അവ ഞെട്ടിത്തരിച്ചു. പെറ്റമ്മയെ കൊല്ലാന്‍ ശ്രമിച്ചവനെന്നതിനാല്‍ ചെറിയ ചെറിയ മോഷണക്കേസുകളുമായി അവിടെക്കഴിയുന്ന മറ്റുകുട്ടികളാരും തന്നെ, അവനോട് കൂട്ടുകൂടാന്‍ തയ്യാറായില്ല. ഇടക്കിടെയുളള വാര്‍ഡന്റെ കുശലാന്വേഷണം മാത്രം അവനൊരാശ്വാസമായി.
ദിവസങ്ങള്‍ കൊഴിഞ്ഞുവീഴാനവന്‍ തപസ്സിരുന്നു. മണിക്കൂറുകള്‍ക്ക് ഒച്ചിന്റെ വേഗതയാണെന്ന് അവനു തോന്നി. 

ആഘോഷങ്ങളില്ലാത്ത...ആരവങ്ങളില്ലാത്ത... തീര്‍ത്തും വ്യത്യസ്തമായൊരു പിറന്നാള്‍ കടന്നുപോവുന്നത് വേദനയോടെ അവനറിഞ്ഞു. ആ പതിനാലുകാരന്റെ കണ്ണുകള്‍ നിറഞ്ഞു. കഴിഞ്ഞുപോയ ഓരോ ജന്മദിനവും അവന്റെ മനസ്സില്‍ മിന്നിമാഞ്ഞു. ഒരിക്കലും അടുക്കാനാവാത്ത വിധം അകന്നുപോയ അച്ഛനേയും, അമ്മയേയും അവനോര്‍ത്തു. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി പിറന്നാള്‍ ദിവസം വീട്ടിലേക്കു കയറി വരുന്ന അച്ഛന്റെ മ്ളാനമായ മുഖമവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. ഇരുവരേയും ഒരുമിച്ചുകാണാന്‍ കഴിയുന്ന അപൂര്‍വ്വമുഹൂര്‍ത്തങ്ങളായി അവന്റെ പിറന്നാളുകള്‍ മാറിയിട്ട് അധികകാലമായില്ല. മകന്റെ സംരക്ഷണച്ചുമതല തുല്യമായി ഏറ്റെടുക്കാനെന്ന വിധം, ആഴ്ചകളെ അവര്‍ കൃത്യമായി പകുത്തു. അച്ഛന്‍ കൂടെയിരിക്കുമ്പോള്‍ അമ്മയേയും, അമ്മ കൂടെയുളളപ്പോള്‍ അച്ഛനേയും, നഷ്ടപ്പെടുന്ന വേദനയവനറിഞ്ഞിരുന്നു. പരസ്പരം മത്സരിച്ചു തോല്‍പ്പിക്കാന്‍ അവരവനെ കരുവാക്കി. കുറ്റപ്പെടുത്തലുകള്‍ മാത്രം കേട്ടു മരവിച്ച ആ മനസ്സ് ; തെറ്റും,ശരിയും തിരിച്ചറിയാനേറെ പാടുപെട്ടു. അച്ഛന്റേയും, അമ്മയുടേയും ചൂടുപറ്റിക്കിടക്കുന്ന മകന്റെ രൂപം, അവന്റെ സ്വപ്നത്തിലെ മാത്രം കാഴ്ചയായി. 

നിദ്രാവിഹീനരാത്രിയുടെ അന്ത്യയാമത്തില്‍ ,ആ ഇരുളടഞ്ഞ മുറിയുടെ വെളുത്ത ചുവരുകള്‍ക്ക് ജീവനുളളതായവനു തോന്നി. “പെറ്റമ്മയോടെന്തിനീ കടുംകൈ ചെയ്തു?” എന്ന ചോദ്യം മുറിയാകെ പ്രതിധ്വനിച്ചവന്റെ കാതുകളില്‍ തുളച്ചുകയറി. ഇരുകൈകളാല്‍ കാതുകള്‍ പൊത്തി. ഉറക്കം തലോടാത്ത കണ്‍പോളകള്‍ ഇറുക്കിയടച്ചു. തണുത്തുറഞ്ഞ രാത്രിയിലും, അവന്റെ ദേഹത്തൂടെ വിയര്‍പ്പുമണികള്‍ ഊര്‍ന്നിറങ്ങി. ഒറ്റപ്പെടലിന്റെ ഭീതി അവനെ അലട്ടി. വിയര്‍ത്തൊഴുകുമ്പോഴും, തലവഴി പുതപ്പുവലിച്ചിട്ടവന്‍ വിതുമ്പി. ഈ ഇരുട്ടറയുടെ അകത്തളങ്ങളില്‍ തന്റെ ബാല്യം മുരടിക്കുമോയെന്നവന്‍ ഭയന്നു. ജീവിതത്തിന്റെ താളം തെറ്റിച്ച....തന്നെ ഈ ഇരുട്ടറയില്‍ കൊണ്ടെത്തിച്ച ആ നശിച്ച രാത്രി, അവന്റെ മനസ്സില്‍ തികട്ടി തികട്ടി വന്നു. ഓര്‍ക്കാനാഗ്രഹിച്ചില്ലെങ്കിലും, ഭീകരമായ ആ ഓര്‍മ്മകളിലേക്ക് അവന്‍ ഊളിയിട്ടിറങ്ങി.

അച്ഛന്റെ കീഴിലുളള ആ ആഴ്ചയിലെ ദിവസങ്ങള്‍ കഴിയാന്‍
ബാക്കിയിരിക്കെ, അച്ഛനോടു പിണങ്ങി,
അമ്മയുടെ അടുക്കലേക്കുളള  അവന്റെ വരവ് തീര്‍ത്തും
അപ്രതീക്ഷിതമായിരുന്നു. നേരം സന്ധ്യയോടടുത്തതേ-
യുളളൂവെങ്കിലും, ഇരുട്ടുപരന്നുതുടങ്ങിയിരുന്നു.

“അമ്മേ” അവന്‍ പതുക്കെ വിളിച്ചു. 

പിന്‍ വശത്തെ വാതില്‍ ചാരിയിട്ടേയുളളൂ എന്നത് അവനിലാശ്വാസം പകര്‍ന്നു. മെല്ലെ തുറന്ന് അകത്തു കയറിയപ്പോള്‍ , കിടപ്പുമുറിയിലെ അരണ്ടവെളിച്ചത്തില്‍ കണ്ട കാഴ്ച അവനു ദുഃസ്വപ്നം പോലെ തോന്നി. കാല്‍പ്പെരുമാറ്റം കേട്ട്, ധൃതിപ്പെട്ട്, തപ്പിത്തടഞ്ഞ് വസ്ത്രങ്ങള്‍ വാരിച്ചുറ്റുന്ന ആള്‍ രൂപങ്ങളിലൊന്ന് , തന്റെ പ്രിയങ്കരനായ ചോക്ളേറ്റ് അങ്കിളാണെന്നുളള തിരിച്ചറിവ് അവനിലെ ക്രോധത്തെ ആളിക്കത്തിച്ചു. 

“അനൂ...മോനെ....നീ.......ഇന്ന്........ഈ സമയത്ത്???” സ്വരത്തില്‍ പതര്‍ച്ചയുണ്ടെങ്കിലും, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അയാള്‍ ചോദിച്ചു. മറുചോദ്യം ചോദിക്കാമായിരുന്നെങ്കിലും, അവനില്‍ നിന്നൊരക്ഷരം പോലും പുറത്തുവന്നില്ല. അവന്റെ നോട്ടം, തൊട്ടടുത്തുളള തയ്യല്‍ മെഷീന്റെ മുകളിലെ കത്രികയിലായിരുന്നു. സ്കൂളില്‍ ,പലപ്പോഴായി അവനെ ദേഷ്യം പിടിപ്പിച്ച, വിഷം പുരട്ടിയ അമ്പുകളെന്നപോലെ, കൂട്ടുകാര്‍ മനസ്സിലേക്കെയ്തുവിട്ട, തന്റെ അമ്മയെക്കുറിച്ചുളള തമാശകള്‍ മനസ്സിലേക്കോടിയെത്തി. അവന്റെ കോപം പതിന്മടങ്ങു വര്‍ദ്ധിച്ചു.

“അനൂ .....വേണ്ടാ......” അയാളുടെ അലര്‍ച്ചകേട്ട് കിടക്കയില്‍ മുഖം പൊത്തി കരയുകയായിരുന്ന അമ്മ അവനെ തടയാനടുത്തു. നിമിഷനേരം കൊണ്ട്, അയാളുടെ ബലിഷ്ഠമായ കരങ്ങളവനെ കീഴ്പ്പെടുത്തി. അവനൊഴിഞ്ഞുമാറും മുന്‍പേ ആ കൈകള്‍ വായുവില്‍ ഉയര്‍ന്നുതാണു. അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അമ്മയുടെ ഉറക്കെയുളള ദയനീയമായ നിലവിളി അവന്റെ ഹൃദയത്തിന്റെ ഉളളറകളില്‍ പ്രതിധ്വനിച്ചു. കണ്‍ചിമ്മും നേരം കൊണ്ട് ഒരു യുഗം അവസാനിച്ചെന്നവനു തോന്നി. നിറകണ്ണുകളാല്‍ .....വിറയാര്‍ന്ന കൈകളാല്‍ ....അമ്മയുടെ വയറ്റിലാണ്ടിറങ്ങിയ ജീവിതോപാധി വലിച്ചൂരുമ്പോള്‍ , അത് ആഴ്ത്തിയിറക്കിയവന്റെ സാന്നിദ്ധ്യമരികിലില്ലെന്ന അറിവ് അവനില്‍ മനോവിഭ്രാന്തിയുണ്ടാക്കി. അമ്മയുടെ ഇളം മഞ്ഞനിറമുളള സാരി രക്തവര്‍ണ്ണമായതുകണ്ട അവനു കണ്ണിലിരുട്ടു കയറുന്നതു പോലെ തോന്നി.

“അനൂപ്, നിനക്കൊരു സന്തോഷവാര്‍ത്തയുണ്ട്.”  
അതിരാവിലെയുളള വാര്‍ഡന്റെ ശബ്ദം; ഭയാനകമായ
ഓര്‍മ്മകളിലൂടെയുളള അലച്ചിലിനു ശേഷം,
അര്‍ദ്ധമയക്കത്തിലായ അവനെ ഉണര്‍ത്തി. 
പുഞ്ചിരിച്ചുകൊണ്ടുളള അയാളുടെ മുഖവുര പ്രതീക്ഷയേകി.
അവന്‍ പിടഞ്ഞെഴുന്നേറ്റ് അഴികള്‍ക്കരികിലായ് വന്നുനിന്നു.

“നിന്റെ ചോക്ളേറ്റങ്കിള്‍ കുറ്റമേറ്റുപറഞ്ഞു.”  വളരെ 
സാവധാനമാണയാള്‍ പറഞ്ഞുതുടങ്ങിയത്. അവന്റെ
മുഖത്തെ തെളിച്ചം കണ്ടില്ലെന്നു നടിച്ചയാള്‍ തുടര്‍ന്നു...
“ചില നിയമനടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ നിനക്കീ 
ഇരുളടഞ്ഞ ലോകത്തോടു വിടപറയാം”

താന്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന,
ആ രണ്ടു കണ്ണികള്‍ക്കിടയിലെ, തുരുമ്പുപിടിച്ച
കണ്ണി സ്വയമടര്‍ന്നുവീണെന്നറിഞ്ഞത്, അവനില്‍ 
പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാക്കിയെങ്കിലും,
അമ്മയെക്കുറിച്ചുളള ചിന്ത അവനില്‍ വേവലാതിയുണ്ടാക്കി.

പലപ്പോഴും തന്റെ ദു:ഖങ്ങള്‍ പങ്കുവെക്കാന്‍ സമയം 
കണ്ടെത്തിയിരുന്ന ഈ വാര്‍ഡനുമായി 
മുജ്ജന്മബന്ധമുണ്ടായിരിക്കാമെന്നവനു തോന്നി.


“സാഹചര്യത്തെളിവുകളെല്ലാം നിനക്കെതിരായിരുന്നു. തടവറയ്ക്കുള്ളില്‍ കഴിയാനുളള യോഗം കഴിഞ്ഞെന്നു കരുതി സമാധാനിക്കുക” 

അമ്മയുടെ ജീവന് , ആപത്തൊന്നും വരുത്തല്ലേ എന്നു ഉളളുരുകി പ്രാര്‍ത്ഥിക്കുകയായിരുന്ന അവന്‍ , അയാളുടെ സഹതാപത്തോടെയുളള നോട്ടവും, ആശ്വാസവാക്കുകളും , ശ്രദ്ധിച്ചതേയില്ല. അമ്മയ്ക്കു തെറ്റു തിരുത്താനും, തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും, സര്‍വ്വേശ്വരന്‍ ഒരവസരം കൂടി നല്‍കുമെന്ന പ്രതീക്ഷ അവന്റെ മനസ്സില്‍ ഉയിര്‍ത്തെഴുന്നേറ്റു.


   *-*-*-*-*

40 comments:

 1. വിഷയത്തില്‍ പുതുമവരുത്താന്‍ കഴിഞ്ഞോ എന്നെനിക്കറിയില്ല. എഴുതിത്തെളിഞ്ഞതിനു ശേഷം പുതുമവരുത്താമെന്നു കരുതുന്നു..പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമല്ലോ??

  ReplyDelete
 2. സമൂഹത്തില്‍ നടക്കുന്ന സംഭവം.....രാവിലെ എണീറ്റ് പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്ന ലോകത്തിന്റെ വികൃതരൂപം.ഈ ലോകം മോശമായി കൊണ്ടിരിക്കുകയാണ് അല്ലെ? സ്വപ്നസഖി .......ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....വളരെ നന്നായിട്ടുണ്ട്.......

  ReplyDelete
 3. നന്നായിട്ടുണ്ട് ...എനിക്കിഷ്ട്ടപ്പെട്ടു ...പോരായ്മകള്‍ ചൂണ്ടിക്കാനൊന്നും അറിയില്.ല താങ്ക്സ്

  ReplyDelete
 4. നന്നായിട്ടുണ്ട്...ഇന്നത്തെ ലോകത്തില്‍ നടക്കുന്ന നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ... പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ...(വല്യ വല്യ അഭിപ്രായം പറയാനൊന്നും എനിക്ക് അറിയില്ലാട്ടോ...ഞാന്‍ ഇപ്പോളും ബൂലോകം കണ്ടു അന്തിച്ചു നില്‍ക്കുവ..) ഇടക്ക് ഏതൊക്കെയോ ചില ഭാഗങ്ങള്‍ എവിടെയോ കണ്ടു മറന്നപോലെ...പ്രത്യേകിച്ചും ഈ ഭാഗം... "ഉറക്കം വരാത്ത രാത്രിയില്‍ , തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നതിനിടയില്‍ ഇരുളടഞ്ഞ....." ( എന്റെ മാത്രം തോന്നലാണ്...) എന്തായാലും നന്നായി എഴുതി..ഇനിയും ഇതുപോലുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കണേ...

  ReplyDelete
 5. സ്വപ്നസഖീ..... എന്താ പറയേണ്ടത് .... കഥ വായന കഴിഞ്ഞു ആദ്യ കമന്‍റ് നോക്കിയപ്പോള്‍ പോരായ്മകള്‍ ചൂണ്ടി കാണിക്കുക എന്ന് കണ്ടു.. പോരായ്മകള്‍ ഈ കഥയിലോ (?) എന്നായി എന്‍റെ ചിന്ത....

  ഇല്ല ഒരു പോരായ്മയും ഇല്ല.. മാത്രമല്ല വളരേ നന്നാവുകയും ചെയ്തു.. ( ചുമ്മാ സുഖിപ്പിക്കാന്‍ പറയുന്ന നന്നാവല്‍ അല്ല.. സത്യമായും പറയുന്നതാ )
  കഥയിലെ വിഷയത്തിലേക്ക് കടന്നാല്‍ സംഭവിക്കാവുന്ന ഒരു കഥ തന്നെ. അത് അവതരണ മികവു കൊണ്ട് മികച്ച് നില്‍ക്കുന്നു.

  “അനൂ .....വേണ്ടാ......” അയാളുടെ അലര്‍ച്ചകേട്ട് കിടക്കയില്‍ മുഖം പൊത്തി.........................................................................................................സാന്നിദ്ധ്യമരികിലില്ലെന്ന അറിവ് അവനില്‍ മനോവിഭ്രാന്തിയുണ്ടാക്കി
  ഇത്രയും ഭാഗം രണ്ട്,മൂന്ന് ആവര്‍ത്തി വായിച്ചു. മനസ്സിലാവാത്തത് കൊണ്ടല്ല.. ആ അവതരണത്തില്‍ കാണിച്ച മികവ് കണ്ട് അന്ധാളിച്ചു പോയതു കൊണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു സിനിമ കാണുന്ന പോലെ ....
  നന്നായി....

  ഇതുപോലെ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 6. സ്വപ്ന സഖി,എന്താ പറയാ..കഥ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു,വളരെ ഗഹനമായ പ്രമേയം എന്നതിനാല്‍ പഴമ-പുതുമ ഒന്നും ഒരു വിഷയമേ അല്ല.സമൂഹത്തില്‍ നടമാടുന്നതും സ്വന്തം ജീവിതത്തില്‍ സംഭവിക്കരുതേ എന്ന് നാം ആശിക്കുന്നതുമായ കാര്യം.അവതരണത്തിന്റെ മികവു കൊണ്ട് സുഖകരമായ അനുഭവമായി വായന.

  ReplyDelete
 7. വളരെ ലളിതമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. വായനയില്‍ യാതൊരു കല്ലുകടിയും അനുഭവപ്പെട്ടില്ല. കൌമാരത്ത്തിലെ ഒരു കുട്ടിയുടെ ചിന്തകളും ഭാവങ്ങളും നന്നായി.
  ഇനിയും കൂടുതല്‍ കഥകള്‍ പിറക്കട്ടെ.
  ആശംസകള്‍.

  ReplyDelete
 8. അദ്യമായി എഴുത്തിന്റെ ഒഴുക്കിനെ ആശംസിക്കട്ടെ..
  വിഷയത്തില്‍ പുതുമയില്ലെങ്കില്‍ പോലും ആഖ്യാനത്തില്‍ പുതുമ
  വരുത്താം.. കഥാന്ത്യത്തില്‍ മാത്രം വായനക്കാരന് ഉള്ളടക്കം
  പിടികിട്ടുമ്പോഴാണല്ലോ അതില്‍ പൂര്‍ണ്ണത വരുന്നത്..
  എഴുതിത്തെളിയാന്‍ ആശംസ്കള്‍ നേരുന്നു..
  പോരായ്മകള്‍ ചൂണ്ടിക്കാട്ടണമെന്നു പറഞ്ഞതു കൊണ്ടാണ്
  കെട്ടോ ഇങ്ങനെ എഴുതിയത്..അല്ലാതെ വിമറ്ശനമല്ല:)

  ReplyDelete
 9. ഭംഗിയായി ഈ കഥ. ഇത്തരം മനോഹരമായ കഥകളുമായി ഇനിയും വരിക.

  ReplyDelete
 10. ശൊഹ്!!! ഞാനിവിടെ വരാന്‍ ഒരുപാട് വൈകി
  ആരും എന്നോട് പറഞ്ഞില്ല...ഇനിയെങ്കിലും പുതിയ പോസ്റ്റുകളിടുമ്പോള്‍
  ഒരു മെയിലയച്ചേക്കണേ...
  mizhineerthully@gmail.com
  കഥ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു...
  ഒരു സിനിമ കാണുന്ന ഫീലിങ്ങുണ്ടായിരുന്നു..
  നല്ല അവതരണം...

  ReplyDelete
 11. എഴുതി തെളിയുന്നതിനു മുന്‍പു ഇത്രയും ആയെങ്കില്‍ തെളിഞ്ഞാല്‍ എന്തായിരിക്കും
  സ്ഥിതി ....ഈ വിനയം ആണ് എനിക്ക് ഇഷ്ടപെട്ടത്

  ReplyDelete
 12. യാതൊരു ഏച്ചു കൂട്ടലുമില്ലാത്ത എഴുത്ത്.
  ഗൌരവമായ വിഷയം.
  അഭിനന്ദനങ്ങള്‍..

  ReplyDelete
 13. നല്ല കഥ.നല്ല എഴുത്ത്.
  മായ്ക്കാൻ കഴിയാത്ത തലേവരകൾ മായും എന്നു തന്നെ പ്രത്യാശിക്കം!
  ഭാവുകങ്ങൾ!

  ReplyDelete
 14. നന്നായിട്ടുണ്ട്
  ശുഭപ്രര്യവസാനം നന്നായി.
  ബാക്കി വായന വായനക്കാരിലെ മാനസികധര്‍മ്മം പോലെ. കഥകളിലെ ആ ശൈലി നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത്.

  ആശംസകള്‍

  ReplyDelete
 15. entha parayuka .......nalla kadha..

  aa vazhi varumallo.....

  ReplyDelete
 16. ഒരു സിനിമയ്ക്ക് സ്കോപ് ഉണ്ടല്ലോ

  ReplyDelete
 17. കഥയേക്കാള്‍ എനിക്കിഷ്ട്ടമായത് നിങ്ങള്‍ ഓരോ കമെന്റിനും കൊടുക്കുന്ന വില ആണ് .....ബൂലോകത്തുള്ള എല്ലാവരും നിങ്ങളെ പോലെ ആയിരുന്നെങ്കില്‍ .........

  ReplyDelete
 18. Ranipriya,ശരിയാണ്‍. ലോകം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. എന്റെ കണ്‍മുന്‍പില്‍ ഇങ്ങനെയൊരു കുടുംബപശ്ചാത്തലം ഉണ്ട്. പക്ഷേ കുട്ടിക്ക് വെറും ആറു വയസ്സ്. ചോക്ളേറ്റ് അങ്കിളിനു, അമ്മയേക്കാള്‍ 16 വയസ്സ് കുറവ്,അച്ഛന്‍ വേറെ കെട്ടി, 2 കുട്ടികള്‍ വേറെ. മകന്‍ ഇതൊക്കെ തിരിച്ചറിയുന്ന പ്രായമായാല്‍ അവനിലുണ്ടാകുന്ന മാനസിക വ്യഥ ഉള്‍ക്കൊണ്ടുകൊണ്ടെഴുതിയതാണീ കഥ. വികൃതമായ ഈ ലോകത്തിന്റെ വേദനകള്‍ പങ്കുവെക്കാന്‍ കൂട്ടുചേര്‍ന്നതിനു വളരെ നന്ദി.


  faisu madeena ,കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. രണ്ടാമതു പറഞ്ഞതിന്റെ പൊരുള്‍ എനിക്കു ശരിക്കു പിടികിട്ടിയില്ലെങ്കിലും...പോസിറ്റീവായി എടുക്കുന്നു. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം കൊടുക്കാറുണ്ട്..പ്രത്യേകിച്ചും, പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ക്ക്...എന്റെ ഈ കഥ നന്നായെങ്കില്‍ അതിനു കാരണം എന്റെ ആദ്യകഥകയില്‍ കിട്ടിയ അത്തരം വിമര്‍ശനങ്ങളാണ് ഒപ്പം വായനക്കാരില്‍ കഥയിലെ വികാരങ്ങളെത്തിക്കാന്‍ ചിലര്‍ പറഞ്ഞു തന്ന പോംവഴികളും. (അത് എന്റെ “ആലിപ്പഴങ്ങള്‍ പൊഴിയുമ്പോള്‍ എന്ന കഥയുടെ അഭിപ്രായങ്ങള്‍ക്കു കിട്ടിയ മറുപടിയില്‍ എഴുതിയിട്ടുണ്ട്). ഫൈസൂ, അതുകൊണ്ട് വിമര്‍ശനങ്ങളായാലും എഴുതാന്‍ മടിക്കരുതേ..കഥയെകുറിച്ചും, കമന്റിനെ കുറിച്ചും അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി.


  abith francis, സത്യമായിട്ടും മനഃപൂര്‍വ്വമല്ല ട്ടൊ..പല കഥകളും വായിക്കാറുണ്ട്, പ്രത്യേകിച്ച് ബൂലോകത്തിലെ. ചില വരികള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവാം..ഇവിടെ അത്തരമൊരു സന്ദര്‍ഭവം വന്നപ്പോള്‍ അറിയാതെ പുറത്തേക്കു വന്നതായിരിക്കും. എന്തായാലും ഈ കമന്റ് എനിക്ക് ഉപകാ‍രപ്രദമായി. ആ വരികള്‍ക്ക് അവിടെയൊരു ചേര്‍ച്ചക്കുറവ് എനിക്കും അനുഭവപ്പെട്ടിരുന്നു. അതിനാല്‍ അതു ഞാന്‍ എടുത്തുമാറ്റി നല്ല സാഹിത്യം തന്നെ വെച്ചുകാച്ചി. താങ്കള്‍ ഇങ്ങനെയൊരു അഭിപ്രായം സൂചിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ‘നിദ്രാവിഹീനരാത്രിയുടെ അന്ത്യയാമത്തില്‍ ’ എന്ന വരികള്‍ക്കായി ഞാന്‍ ഉറക്കമൊഴിച്ചിരുന്നാലോചിക്കില്ലായിരുന്നു. വളരെ നന്ദി.


  ഹംസ, കമന്റിന്റെ നീളം കണ്ടാല്‍ തന്നെ ആ പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. വളരെ വളരെ സന്തോഷം.

  ശരിക്കും ആ കുട്ടിയുടെ വേദനകള്‍ മനസ്സിലിട്ടു പെരുപ്പിച്ചു നടക്കാന്‍ തുടങ്ങിയിട്ടു കുറേയായി. കുറേശ്ശേയായി ബ്ളോഗിലേക്കൊഴുക്കി, ഞാന്‍ വിചാരിച്ച രീതിയില്‍ ആ വേദനയെ വായനക്കാര്‍ ഉള്‍ക്കൊണ്ടു എന്നറിഞ്ഞപ്പോള്‍ എന്റെ വേദന പകുതിയായി കുറഞ്ഞു. കഥയിലെ ആ ഭാഗം രണ്ടുമൂന്നു തവണ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി.


  ശരിയാണ് jazmikkutty, സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയേ എനിക്കുമുളളൂ.വായന സുഖകരമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി


  റാംജി സാര്‍ , എന്തായാലും താങ്കളുടെ എഴുത്തിന്റെ അരികത്തൊന്നും വരില്ലെന്നെനിക്കറിയാം. വായന സുഖകരമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. കൌമാരത്ത്തിലെ ഒരു കുട്ടിയുടെ ചിന്തകളും ഭാവങ്ങളും മനസ്സിലാക്കിയതിനു വളരെ നന്ദി.


  Muneer,കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനും, വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി. കഥാന്ത്യം മാത്രം ഉളളടക്കം പിടികിട്ടുന്ന വിധത്തിലായിരുന്നു വിചാരിച്ചത്. പക്ഷേ അതൊരു ഏച്ചുകെട്ടിയ പ്രതീതി തോന്നി. അവസാനം ഈ കോലത്തിലായി. വിമര്‍ശനമായാലും കുഴപ്പമില്ല. നല്ല രീതിയിലുളള വിമര്‍ശനങ്ങളാണ് ഒരു കലാകാരന്റെ വളര്‍ച്ചക്കത്യാവശ്യം. അല്ലെ??

  ReplyDelete
 19. ചെറുവാടി, ഇവിടേക്ക് വന്നതിനും കഥവായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി. കഥ ഭംഗിയായെന്നറിഞ്ഞതില്‍ വളരെ സന്തോഷം


  റിയാസ് (മിഴിനീര്‍ത്തുള്ളി), ഹ ഹ ഹ ആരോടും പരിഭവം വേണ്ട. വൈകിയാലും വന്നില്ലെ. വളരെ നന്ദി. ഒറ്റയിരുപ്പില്‍ വായിക്കാന്‍ കഴിഞ്ഞെന്നറിഞ്ഞതില്‍ സന്തോഷം. ഇനി മെയില്‍ അയച്ചേക്കാം.


  രമേശ്‌അരൂര്‍ , ഹ ഹ ഹ സാറിന്റെ ഒരു തമാശ! കഥയും ഇഷ്ടമായിട്ടുണ്ടാവുമെന്നു കരുതിക്കോട്ടേ? വന്നതിലും, വായിച്ചഭിപ്രായം പറഞ്ഞതിലും സന്തോഷം


  mayflowers, അതെ ഗൌരവമേറിയ വിഷയം തന്നെ. അതു നിങ്ങളുടെയൊക്കെ മനസ്സില്‍ എത്തിക്കാനായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി.


  jayanEvoor, മായ്ക്കാന്‍ കഴിയട്ടെ! കഥയും, എഴുത്തും നന്നായെന്നറിഞ്ഞതില്‍ സന്തോഷം.കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി.


  നിശാസുരഭി , ശുഭപര്യവസാനമല്ലേ കൂടുതല്‍ പേരും ഇഷ്ടപ്പെടുക. ശൈലി ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി.


  jayaraj , ഹ ഹ വളരെ സന്തോഷം. കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി. അവിടെ വന്നിരുന്നു. അഭിപ്രായവും ഇട്ടിട്ടുണ്ട്.


  ഉമേഷ്‌ പിലിക്കൊട് കഥ വായിച്ചിരിക്കുമെന്നു കരുതുന്നു. ഇവിടെ വന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ക്കു വളരെ നന്ദി.


  ഒഴാക്കന്‍ ആണോ..എങ്കില്‍ സിനിമയാക്കാം...ആക്`ഷന്‍ !ക്യാമറ !കട്ട്!
  ഇനി പറ, ഒഴാക്കന് ഏതു റോളാ വേണ്ടത്??? കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി.

  ReplyDelete
 20. കഥ ഉഗ്രനായിട്ടുണ്ട്..
  വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലി..ഒരു സിനിമ കണ്ടത് പോലെ തോന്നി..ആശംസകള്‍ കൂട്ടുകാരീ..ഇനിയും..
  എഴുതാനുള്ള..കഴിവ് ജഗദീശ്വരന്‍ നിനക്ക് നല്‍കട്ടെ..എന്ന് പ്രാര്‍ത്ഥിക്കുന്നു..

  ReplyDelete
 21. vedana niranjathaanu lokam. vedana maathram thinnunna paavangalkku valiya prashnamilla. pakshe, ithellaam niranja kannukalode kaanunnavaraanu nalla ezhuthukaar. swapna sakhiyude vaakkukalil vedana undu. sandwanavum.

  ReplyDelete
 22. നല്ല കഥ, അറിവില്ലായ്മകൊണ്ട് ഇവിടെ വരാന്‍ വൈകി. കഥയെപ്പോലെ തന്നെ കഥയുടെ ടൈറ്റിലും നന്നായി.

  ReplyDelete
 23. മൊട്ടയടിച്ചാലും തലേവര മായ്ക്കാന്‍ കഴിയില്ല എന്നൊരു ചൊല്ലുണ്ട്. സമൂഹത്തില്‍ കുറ്റക്കാരായി ജയിലറക്കുള്ളില്‍ കഴിയുന്ന എത്രയോ പേര്‍ നമുടെ നാട്ടില്‍ ഉണ്ടാകും!
  ശിക്ഷ കഴിഞ്ഞു പുറത്തു വന്നാലും സമൂഹം അതിനേക്കാള്‍ നികൃഷ്ടമായിട്ടാകും അവരോടു പെരുമാറുക.
  നന്നായി എഴുതി . അഭിനന്ദനങ്ങള്‍ .

  ReplyDelete
 24. രാവിലെ പത്രം തുറന്നാല്‍ കാണാം...ഇങ്ങനെ ചില കഥകള്‍. മനുഷ്യര്‍ അധപതിച്ചു കൊണ്ടിരിക്കുന്നു..കഥ നന്നായി എഴുതി..പക്ഷെ ഇങ്ങനെ ഉള്ള വിഷങ്ങള്‍ ഇനി ഒഴിവാക്കി കൂടെ..സഖി..? സഖിയുടെ കഥ വായിച്ചു മനസ് അസ്വസ്ഥമായി..!

  ReplyDelete
 25. manoharamaya bhashayil lalithamayi paranjirikkunnu... aashamsakal....

  ReplyDelete
 26. തുടക്കകാരി ആണെന്ന് വിശ്വസിക്കാന്‍
  വിഷമം.നല്ല അവതരണ ഭംഗി ഉണ്ട്.
  വന്നത് താമസിച്ചു...ഇനിയും വരാം..

  ReplyDelete
 27. കഥയുടെ അവസാന ഭാഗം കഥ പറയുന്നത്‌ ഒരു കുട്ടിയാണ്‌.
  ഒരു കുട്ടിയുടെ മനസ്സില്‍ നിന്നാണ്‌ ഈ കഥ വരുന്നതെന്ന്‌ ഒരിക്കല്‍ പോലും തോന്നിയില്ല.


  ഈ കമന്റുകള്‍
  4-5 കമന്റുകള്‍ മാത്രമാണ്‌ സ്‌ത്രീകള്‍ (ആണെങ്കില്‍)
  എഴുതിയിട്ടുള്ളത്‌- ബാക്കിയുള്ളത്‌ സുഖിപ്പിക്കലാണ്‌.


  നല്ല കഥകള്‍ വായിക്കുക
  ആരുടേതോ ആകട്ടെ!
  വായിക്കുക.

  അറിവുകള്‍ നിരത്തി വയ്‌ക്കലല്ല കഥ.
  എന്നെ (മറ്റൊരാളെ) പുതിയ മനുഷ്യനാക്കലാണ്‌
  കഥ, നോവല്‍, സിനിമ, ചിത്രങ്ങള്‍ തുടങ്ങി എല്ലാ കലകളുടേയും ധര്‍മ്മം അതാണ്‌.
  അതീ പോസ്‌റ്റിലില്ല. മാത്രമല്ല അതിശോക്തി ...................
  ജീവിതത്തിന്റെ അര്‍ത്ഥമറിഞ്ഞ്‌ എഴുതിയവര്‍ മാത്രം മരിക്കുന്നില്ല
  എന്നൊരു ചൊല്ലുണ്ട്‌.


  ഹഹഹഹഹഹ.....................
  ഇതൊക്കെ ഞാന്‍ വെറുതെ പറഞ്ഞതാണ്‌.
  നല്ല കഥ
  വീണ്ടും വീണ്ടും എഴുതുക.............................എ............

  ReplyDelete
 28. വളരെ നന്നായിട്ടുണ്ട്.

  ReplyDelete
 29. Bijli,വളരെ നന്ദി കൂട്ടുകാരീ


  സുജിത് കയ്യൂര്‍ , വേദന നിറഞ്ഞതാണു ലോകം..പക്ഷേ എന്റെ വാക്കുകളില്‍ വേദന ഉണ്ടോയെന്നെനിക്കറിയില്ല. വായനയ്ക്കു നന്ദി.


  elayoden, വൈകിയെങ്കിലും വന്നല്ലോ..കഥ വായിച്ചതിനു നന്ദി


  ഇസ്മായില്‍ കുറുമ്പടി,അതെയതെ.. ജയിലിനുളളിലനുഭവിച്ചതിനേക്കാള്‍ കടുത്ത മാനസികവ്യഥ പുറത്തിറങ്ങിയാല്‍ അനുഭവിക്കേണ്ടി വരും. വന്നതിനും, വായിക്കാന്‍ സമയം കണ്ടെത്തിയതിനും നന്ദി.


  അതെ Sneha ,മനുഷ്യര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു.ഇത്തരം കഥകള്‍ നിര്‍ത്തി. ഇനി നര്‍മ്മം വഴങ്ങുമോ എന്നൊരു പരീക്ഷണം നടത്തിയാലോ..വായനയ്ക്കു നന്ദി.


  jayarajmurukkumpuzha,കഥ വായിച്ചതിനു വളരെ നന്ദി.


  ente lokam,വന്നതില്‍ വളരെ സന്തോഷം. വായനയ്ക്കു നന്ദി.


  Kunjipenne,പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാരെങ്കിലും മേനിയഴക് വര്‍ണ്ണിക്കുമോ കുഞ്ഞിച്ചെക്കാ??അതു കൊണ്ട് ആദ്യം പറഞ്ഞത് മാത്രം കാര്യമായെടുക്കുന്നു. എഴുത്തിന്റെ വഴികള്‍ എനിക്കധികം പരിചയമില്ല. പോരായ്മകള്‍ ഉണ്ടാവുമെന്നു ഞാനാദ്യം തന്നെ പറഞ്ഞിരുന്നു.നല്ല കഥകള്‍ വായിക്കാന്‍ ശ്രമിക്കാം. വായനയ്ക്കും, നല്ല ഉപദേശത്തിനും നന്ദി.


  സ്വാഗതം കിരണ്‍ , കഥവായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി.

  ReplyDelete
 30. അവതരണത്തിന്റെ മികവു കൊണ്ട് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.

  ReplyDelete
 31. എന്റെ ബ്ലോഗിലേക്ക് വന്നതിനും അഭിപ്രായം കുറിച്ചതിനും നന്ദി.ഇനിയും വരാന്‍ മറക്കരുത്.

  ReplyDelete
 32. തുടക്കം മുതല്‍ ഒടുക്കം വരെ വായനാ സുഖം തരുന്ന നല്ല എഴുത്ത് . തിരഞ്ഞെടുത്ത വിഷയവും അവതരണ രീതിയും നന്നായി. കഥയില്‍ പുലര്‍ത്തിയ സൂക്ഷ്മത അഭിനന്ദനീയം . ഭാവിയില്‍ എഴുത്തുകാരുടെ പട്ടികയില്‍ സ്ഥാനം പിടിക്കുവാനുള്ള എല്ലാ യോഗ്യതകളും ഈ പോസ്റ്റിലൂടെ ഞാന്‍ കാണുന്നു . ഭാവുകങ്ങള്‍

  ReplyDelete
 33. ഷിമി, വളരെ നന്നായി എഴുതി. ഈ കഥ വായിച്ച് എന്റെ മനസ്സ് അസ്വസ്ഥമായി. അതിന്റെ അര്‍ത്ഥം വളരെ നന്നായി എഴുതിയെന്നാണ്‌. നല്ലൊരു എഴുത്തുകാരിക്കേ അതിനു സാധിക്കു. എഴുത്തു തുടരുക. ആശംസകള്‍.

  ReplyDelete
 34. നന്നായി എഴുതി.

  ReplyDelete
 35. നല്ല കഥ
  ശക്തമായ പ്രമേയം
  തുടക്കത്തിലൊരല്പം കുലുക്കം അനുഭവപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് നല്ല സ്പീഡിൽ പോകുവാൻ കഴിഞ്ഞു.
  ആശംസകൾ.

  ReplyDelete
 36. ഒരു feeling വരുത്തിക്കാന്‍ ഈ എഴുത്തിലൂടെ സാധിച്ചു , സാഹചര്യമാണ് ഒരാളെ തെറ്റുകാരന്‍ ആകുന്നത്

  ReplyDelete
 37. അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

  ReplyDelete
 38. അബ്ദുള്‍ ജിഷാദ്

  സുജിത് കയ്യൂര്‍

  Abdulkader kodungallur

  Vayady

  ശ്രീ

  Kalavallabhan

  Aneesa

  ജോഷി പുലിക്കൂട്ടില്‍
  എന്റെ വേദനകള്‍ പങ്കുവെച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 39. ഷിമി നല്ല പ്രമേയമെടൂത്ത് അതിഗംഭീരമ്മയി അവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ
  അഭിനന്ദനങ്ങൾ...!

  ReplyDelete