Wednesday, September 22, 2010

ആലിപ്പഴങ്ങള്‍ പൊഴിയുമ്പോള്‍











ആ ചോരക്കുഞ്ഞിന്റെ കരച്ചില്‍ ആശുപത്രിയുടെ ഓരോ കോണിലും വന്നലയടിച്ചു. നിര്‍ത്താതെയുളള വിശപ്പിന്റെ വിളി, പെറ്റമ്മ അറിയുന്നില്ലെന്നത് പോസ്റ്റ്ഓപ്പറേറ്റീവ് വാര്‍ഡിലെ മറ്റു സ്ത്രീകളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് , ഈശ്വരന്‍ കുഞ്ഞിന്റെ അച്ഛന്റെ ജീവന്‍ തിരിച്ചെടുത്തെന്നുളള അറിവ്, ആ അമ്മയ്ക്ക് ഉള്‍ക്കൊളളാവുന്നതിലുമപ്പുറമായിരുന്നെന്ന്, വാര്‍ഡിലുളള പലരും തന്നെ അറിഞ്ഞിരുന്നില്ല. തൂവെളളത്തുണിയില്‍ പൊതിഞ്ഞ തന്റെ പ്രിയതമന്റെ തുന്നിക്കെട്ടിയ ശരീരം, അവളുടെ മനസ്സില്‍ തികട്ടി തികട്ടി വന്നു. മനസ്സിനേറ്റ ആഘാതം, ആരുടെയും കരളലിയിക്കുന്ന നിലവിളിയായി ഇടയ്ക്കിടെ അവളില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. മാനസികനില ആകെത്തകര്‍ന്ന അവളെ മരുന്നിന്റെ സഹായത്തോടെ ഡോക്ടര്‍മാര്‍ അബോധാവസ്ഥയിലേക്ക്
നയിക്കുകയായിരുന്നു.

അല്പസമയത്തിനുളളില്‍ , കുഞ്ഞിനെ അമ്മയുടെ മാറോടടുപ്പിക്കാനായ് നഴ്സ് അവളെ ചെരിച്ചുകിടത്തി. ആദ്യമധുരം നുകര്‍ന്ന മാത്രയില്‍ കുഞ്ഞ് അല്പം ശാന്തമായി. ആദ്യത്തെക്കണ്മണിയെ ഒരുനോക്കുകാണാന്‍
കാത്തുനില്‍ക്കാതെ, പിതാവ് പരലോകം പൂകിയെന്ന വാസ്തവമറിയാതെ, കുഞ്ഞ്  അമ്മിഞ്ഞപ്പാല്‍ ആര്‍ത്തിയോടെ കുടിച്ചുകൊണ്ടിരുന്നു.

ആ‍ദ്യപ്രസവം നാട്ടിലാക്കണമെന്ന ദിവ്യയുടെ ഉറച്ച തീരുമാനമാണ് , ജീവിതാവസാനം നാട്ടിലെ ശുദ്ധവായു ശ്വസിച്ചു കൊണ്ടായിരിക്കണമെന്ന നന്ദന്റെ ആഗ്രഹത്തെ സഫലമാക്കിയത്. പ്രിയതമന്റെ വേര്‍പാടിനു ശേഷം, കൈക്കുഞ്ഞുമായി ജീവിതച്ചുഴിയിലകപ്പെട്ടു പകച്ചുനിന്ന അവള്‍ക്കതില്‍ നിന്നും കരകേറാ‍ന്‍ നാളുകളേറെ വേണ്ടി വന്നു. ഒന്നര വര്‍ഷം മാത്രം നീണ്ടുനിന്ന                                    ദാമ്പത്യജീവിതം അവളെ ഇരുപത്തിയഞ്ചുവയസ്സാകുന്നതിലിടെ അമ്മയും, വിധവയുമാക്കിത്തീര്‍ത്തു...                                                                              

ബന്ധുക്കളുടേയും,നാട്ടുകാരുടേയും സാന്ത്വനവാക്കുകളും, സഹതാപത്തോടെയുളള നോട്ടവും വീര്‍പ്പുമുട്ടിച്ചപ്പോള്‍ , അവള്‍ തിരിച്ചു നന്ദന്റെ ജോലിസ്ഥലമായ മെല്‍ബണിലേക്കു തന്നെചേക്കേറാനുളള ഉറച്ച തീരുമാനത്തിലെത്തി. സ്വന്തം കാര്യങ്ങള്‍ കൂടി ചെയ്തുതീര്‍ക്കാന്‍  സമയമില്ലാതെ പാടുപെടുന്ന അവിടങ്ങളില്‍ മറ്റുളളവരുടെ കാര്യങ്ങള്‍ അന്വേഷിച്ച് സഹതപിക്കാന്‍ ആര്‍ക്കും സമയം കാണില്ലെന്ന് ദിവ്യയ്ക്ക് നന്നായറിയാമായിരുന്നു. കൈവശമാക്കിയ തൊഴിലും,സുഹൃത്തുക്കളുടെ പ്രേരണയും, ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവള്‍ക്കു കരുത്തായി.
                                                    
മെല്‍ബണിലെ ഒരു തണുത്ത സായാഹ്നം. ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലില്‍ നിന്നിറങ്ങാന്‍ അവള്‍ അല്പം വൈകി. ട്രെയിന്‍ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് , സിറ്റിയില്‍ നടക്കുന്നമൂമ്പാഫെസ്റ്റിവലിനു പോകാമെന്നു ലിസി പ്ളാന്‍ ചെയ്ത കാര്യം ദിവ്യ ഓര്‍ത്തത്. ഇന്നേതായാലും പോവേണ്ടെന്നു വിളിച്ചവളോട് പറഞ്ഞേക്കാമെന്നു കരുതി മൊബൈല്‍ ഫോണെടുക്കാന്‍ അവള്‍ ബാഗ് തുറക്കുമ്പോഴേക്കും ഫോണ്‍ റിംഗ് ചെയ്തു. നമ്പര്‍ നോക്കാതെ തന്നെ അതു ലിസിയായിരിക്കുമെന്നവളൂഹിച്ചു.

“ഹലോ….”

“ദിവ്യാ...നീ മോളെയും കൂട്ടി നേരെ സിറ്റിയിലേക്കു വാ…...ഫ്ളിന്റര്‍ സ്ട്രീറ്റ് സ്റ്റേഷനിലെ കോര്‍ണ്ണറിലുളള ആ പഴയ കഫെയുടെ മുന്നിലായി ഞാനും, സിന്ധുവും ഉണ്ടാവും.”അവള്‍ പ്രതീക്ഷിച്ചപോലെതന്നെ മറുതലയ്ക്കല്‍ ലിസിയുടെ ശബ്ദം.

“ഇല്ല ലിസീ...എനിക്കിന്നു വരാന്‍ പറ്റുമെന്നു തോന്നുന്നില്ല; ഞാന്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതേയുളളൂ…ഇനി മോളെയും കൂട്ടി.....”പൂര്‍ത്തിയാക്കാന്‍ ലിസി ദിവ്യയെ അനുവദിച്ചില്ല; അവള്‍ പറഞ്ഞു:

“ശരി...ശരി...നീയൊരു കാര്യം ചെയ്യൂ...ഡേകെയറില്‍ വിളിച്ച് വൈദേഹിയെ പിക്ക് ചെയ്യാന്‍ ലിസി ആണു വരിക എന്നു പറയൂ....അല്ലേലും ഞാനിടയ്ക്ക് അവളെ കൊണ്ടുവിടാറുളളതല്ലേ...മിസ്സിസ് റേച്ചലിനു
എന്നെ നന്നായറിയാം.”

ഈ മഹാനഗരത്തില്‍ തീര്‍ത്തും  ഒറ്റപ്പെട്ടുപോയ തനിക്കൊരാശ്വാസമായത് ഈ സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്ന് ഓര്‍ത്തപ്പോള്‍  ലിസി പറഞ്ഞതിനെധിക്കരിക്കാന്‍ ദിവ്യയ്ക്ക് തോന്നിയില്ല. നന്ദനില്ലാതെ ആദ്യമായാണ് ഇങ്ങനെയൊരു ഉത്സവത്തിന്പോകാനൊരുങ്ങുന്നതെന്ന സത്യം ദിവ്യയുടെ മനസ്സിലൊരു വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയിട്ട് നടത്തത്തിനു വേഗത കൂട്ടി.

പെട്ടെന്ന് മാനം കറുത്തിരുണ്ടു. പെയ്തിറങ്ങാന്‍ മടിച്ച കാര്‍മേഘങ്ങള്‍ കാറ്റിന്റെ ദിശക്കനുസരിച്ച് അങ്ങിങ്ങായി ഓടിയൊളിച്ചു. പാതിവഴിയെത്തിയില്ല...ആകാശം വീണ്ടും തെളിഞ്ഞു. ഇളവെയിലില്‍ തണുപ്പ് അലിഞ്ഞലിഞ്ഞില്ലാതെയായി. “വെറുതെയല്ല...മെല്‍ബണിലെ കാലാവസ്ഥയും, പെണ്ണുങ്ങളുടെ മനസ്സും ഒരുപോലെയാണെന്നു പറയുന്നത്.”നന്ദന്‍ ഇടക്കിടെ ചൊടിപ്പിക്കാന്‍ പറയാറുളളതോര്‍ത്തപ്പോള്‍ അറിയാതെ അവളുടെ കണ്ണുകളില്‍ നനവു പടര്‍ന്നു.

സിറ്റിയിലെത്തുമ്പോള്‍ നാലുമണിയോടടുത്തിരുന്നു. അമ്മയെ കണ്ടതും വൈദേഹി, ലിസിയുടെ കൈകളില്‍ നിന്നും ഊരിയിറങ്ങാന്‍ തുടങ്ങി. നാട്ടിലെ ഉത്സവത്തിന്റെ പ്രതീതിയുളവാക്കുന്ന...മൈതാനത്തെ ജനത്തിരക്ക് ദിവ്യയില്‍ അസ്വസ്ഥതയുളവാക്കി.

ഇരുഭാഗത്തും തണല്‍മരങ്ങള്‍ പടര്‍ന്നുപന്തലിച്ച വീതിയേറിയ റോഡിന്റെ ഓരം ചേര്‍ന്നു,കാഴ്ചകളൊക്കെ കണ്ടു, തിരിച്ചവര്‍ സ്റ്റേഷനിലേക്കു നടക്കുമ്പോഴാണ് , അതുവരെ മൂളിക്കൊണ്ടു വീശിയിരുന്ന കാറ്റിന്റെ ശക്തി അല്പംകൂടിയത്.  മഴ കനത്തു. മഴത്തുളളികളോടൊപ്പം പൊഴിയുന്ന ആലിപ്പഴങ്ങള്‍ കവിഭാവനകളില്‍ മനോഹരമെങ്കിലും, കാറ്റിന്റെ ശക്തിയില്‍ തലങ്ങും, വിലങ്ങുമായി താഴേക്കുപതിച്ച താരതമ്യേന വലുപ്പംകൂടിയ ഐസ് കട്ടകള്‍ അവരില്‍ പരിഭ്രാന്തിയുളവാക്കി. ശ്വാസം നിലച്ചു പോകുമെന്നു തോന്നിയെങ്കിലും അവള്‍ കയ്യിലുളള ബാഗ്,മോള്‍ക്കൊരു താത്കാലിക സുരക്ഷാകവചമാക്കി, ഓടി അടുത്തുകണ്ട ഒരു ചെറിയ കെട്ടിടത്തിലേക്ക്ഇരച്ചുകയറി.    

അല്പസമയത്തിനു ശേഷം മഴയൊന്നു കുറഞ്ഞ് പലരും പലവഴിക്കായൊഴുകി നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ,ലിസി പതുക്കെ ദിവ്യയെയും, സിന്ധുവിനേയും വിളിച്ചു, അവരുടെ കണ്ണുകളെ അങ്ങോട്ടേക്കു ക്ഷണിച്ചു. അപ്പോഴാണ് കുറച്ചകലെയായി ഇടതുകൈകൊണ്ട്, നെറ്റിയില്‍ തൂവാല അമര്‍ത്തിപ്പിടിച്ചു, വലതുകൈയ്യാല്‍ , മഴ നനഞ്ഞ മുടി കോതിയൊതുക്കി കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ അവര്‍ ശ്രദ്ധിച്ചത്. അയാള്‍ ധരിച്ചിരുന്ന ലെതര്‍ ജാക്കറ്റില്‍ നിന്നും മഴത്തുളളികള്‍
ഊര്‍ന്നിറങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഒറ്റനോട്ടത്തില്‍ മലയാളിയാണെന്നു മനസ്സിലായെങ്കിലും, അവിവാഹിതകളായ കൂട്ടുകാരികളെ നോക്കി ദിവ്യ പുഞ്ചിരിക്കുക മാത്രം ചെയ്തു.അയാളുടെ തൂവാലയില്‍ രക്തം പുരണ്ടത് കണ്ട ലിസി അയാളെ വിളിച്ചു:
“എക്സ്ക്യൂസ് മീ...”
അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. പതുക്കെ അവരുടെ അടുത്തേക്കു വന്നു. അടുത്തുവരുന്ന ആള്‍രൂപം ആരെന്നു മനസ്സിലാക്കാന്‍ ദിവ്യയ്ക്ക് അധികസമയം വേണ്ടി വന്നില്ല..തീര്‍ത്തും പ്രതീക്ഷിക്കാത്ത ആളെ അടുത്തു കണ്ടപ്പോള്‍
അവളുടെ ഹൃദയമിടിപ്പ് കൂടി. ശരീരമാസകലം ഒരു വിറയല്‍ അനുഭവപ്പെട്ടു. താന്‍ സ്വപ്നം കാണുകയാണോയെന്ന്‍ ഒരു നിമിഷം അവള്‍ക്കു തോന്നിപ്പോയി.

“മനുവേട്ടന്‍  ‍..!!  ഇവിടെ???” അവളുടെ ശബ്ദം അല്പം ഇടറിയിരുന്നു.

“ദിവ്യാ...”  അയാളവളെ അമ്പരപ്പോടെ നോക്കിനിന്നു; 

അവന്റെ മുഖത്ത് ആശ്ചര്യവും, പരിഭ്രമവുമെല്ലാമൊരേസമയം മിന്നിമാഞ്ഞുകൊണ്ടിരുന്നു……അല്പനേരത്തെ നിശ്ശ്ബ്ദതയ്ക്കു ശേഷം, പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തവന്‍ , പതിഞ്ഞ
സ്വരത്തില്‍ പറഞ്ഞു: “നമ്മുടെ ഷിപ്പ് ഇവിടെ പോര്‍ട്ട് മെല്‍ബണില്‍ ഉണ്ട്. രണ്ടുദിവസം കഴിഞ്ഞേ തിരിച്ചുപോക്കുള്ളൂ.”

വര്‍ഷങ്ങള്‍ക്കു ശേഷമുളള കൂടിക്കാഴ്ച്ചയാണ് . അതിങ്ങനെയൊരു സന്ദര്‍ഭത്തിലാണല്ലോ എന്നൊരു
വിഷാദമായിരിക്കാം ആ മുഖത്ത് നിറഞ്ഞുനില്‍ക്കുന്നത്. അവന്റെ മുഖം വിളറിയിരുന്നു. കണ്ടതിലുളള സന്തോഷം, അറിയിക്കാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്കു തോന്നി.

“മനുവേട്ടനു വലിയ മാറ്റങ്ങളൊന്നുമില്ല” അവള്‍ മനസ്സിലോര്‍ത്തു.

“നെറ്റി മുറിഞ്ഞിരിക്കുന്നല്ലോ....ഹെയില്‍ സ്റ്റോണ്‍ വീണോ?”
അവളുടെ ചോദ്യത്തിനു അവന്‍ അലക്ഷ്യമായി മൂളുകമാത്രം ചെയ്തു.

“എന്റെ ബാഗില്‍ ഫസ്റ്റ്എയിഡ് കിറ്റ് ഉണ്ട്..മോള്‍ക്കു വേണ്ടികരുതുന്നതാ..” എന്നു പറഞ്ഞവള്‍ ഉടനെ മോളെ  സിന്ധുവിനു കൈമാറി. മുറിവില്‍ മരുന്നു വെക്കാന്‍ വേണ്ടി അവനല്പം കൂടി അവളുടെ അടുത്തു വന്നു കുനിഞ്ഞുനിന്നു. അവന്റെ ഗന്ധം അവളില്‍ വല്ലാത്തൊരു വേവലാതിയുണ്ടാക്കി....
അവളുടെ മനസ്സ്  ബാല്യകാലസ്മരണകളിലേക്കു ഊളിയിട്ടിറങ്ങി.

“മദ്ധ്യവേനലവധിയായാല്‍  തറവാട്ടിലൊരു ബഹളം തന്നെയായിരിക്കും. കുടുംബങ്ങളെല്ലാമൊരുമിച്ചു
ഒരു കൂരക്കുകീഴില്‍ ‍!.മനുവേട്ടന്‍ അടുത്തൊന്നു വന്നാല്‍ മതി; എല്ലാവരും കളിയാക്കല്‍തുടങ്ങും, മുത്തശ്ശിയായിരുന്നു അതില്‍ പ്രധാനി. “തൊട്ടും, പിടിച്ചും കളിയൊന്നും വേണ്ടാ...സമയമാവുമ്പോള്‍ നിനക്കു തന്നെ കെട്ടിച്ചു തരും;

ദിവ്യ നിന്റെ പെണ്ണാ...” മുത്തശ്ശി തരം കിട്ടുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കുമായിരുന്നു. മനുവേട്ടന്‍ അതെല്ലാമൊരു കുസൃതിച്ചിരിയിലൊതുക്കിക്കളയുമായിരുന്നു.”  ദിവ്യ ഓര്‍ത്തു. പുരികം ചുളിച്ച്, പിണക്കം നടിച്ച്, തന്റെ ദേഷ്യം മുത്തശ്ശിയോടു പ്രകടിപ്പിക്കാന്‍ ശ്രമിക്കുമെങ്കിലും, അറിയാതെ  അവളുടെ ഉളളിലൊരിഷ്ടം നാമ്പിടുകയായിരുന്നു...

അവള്‍ മിക്കപ്പോഴും മനുവിന്റെ കൂടെത്തന്നെയായിരുന്നു..                                      
“ആ മാവില്‍ കേറണ്ട മനുവേട്ടാ...നിറയെ ചോണനുറുമ്പുകളാ...”
“സാരമില്ല; മുറപ്പെണ്ണു പറഞ്ഞതല്ലേ...ചെയ്തു തരാതിരിക്കാന്‍ പറ്റുമോ?”
“ദേ...മനുവേട്ടാ...എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...
ഞാനീ ചില്ല പിടിച്ചു കുലുക്കും പറഞ്ഞേക്കാം...” “എന്നാലൊന്നു കുലുക്കിയേ…എന്നെ വീഴ്ത്താന്‍
പറ്റുമോന്നു നോക്കട്ടെ….”
“ഞാനില്ല ഇയാളോടു കൂട്ടുകൂടാന്‍  ....
എനിക്കൂഞ്ഞാലും വേണ്ട...ഒരു മണ്ണാങ്കട്ടയും വേണ്ട.”

അവളുടെ പിണക്കം ഒരു ഇലഞ്ഞിപ്പൂമാല കോര്‍ത്തുകൊടുത്താല്‍ തീരാവുന്നതേയുളളൂ; എന്നറിയാവുന്നതിനാല്‍ മനു അവളെ  ഇടക്കിടെ ചൊടിപ്പിച്ചുകൊണ്ടേയിരിക്കുമായിരുന്നു.

ദിവസങ്ങള്‍ പലതു കൊഴിഞ്ഞുവീണു. മനുവിന്റെ പൊടിമീശയ്ക്കു കനം വെച്ചു. അവളിലും യൌവനം തുടിച്ചുനിന്നു. പിറന്നാള്‍ സമ്മാനമായി മനു അവള്‍ക്കു സമ്മാനിച്ച ക്യാമറയിലെ ആദ്യഫോട്ടോ അവന്റേതായിരിക്കണമെന്ന ആഗ്രഹത്താല്‍ ദിവ്യ അവനോടു പറഞ്ഞു:

“മനുവേട്ടാ ...ഇങ്ങോട്ടു നോക്കിയേ...സ്മൈല്‍ പ്ളീസ്...”

“ഉം...എടുത്തോളൂ...നിനക്കു ഫ്രെയിം ചെയ്തു വെക്കാലോ...”

ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ അവന്‍ മന്ത്രിച്ചതു പലതും, അറിയാതെ മൊട്ടിട്ട പ്രണയത്തിന്റെ
അലകളാണെന്ന് മനസ്സിലാക്കാന്‍ അവള്‍ക്കധികനേരം വേണ്ടി വന്നില്ല. എങ്കിലും അവനതു തുറന്നു പറയുന്ന ദിവസത്തിനായവള്‍ കാത്തിരുന്നു. പക്ഷേ...വിധി അവര്‍ക്കനുകൂലമായിരുന്നില്ല. ഓര്‍മ്മവെച്ച നാള്‍ മുതല്‍ തോന്നിത്തുടങ്ങിയ ഇഷ്ടംപ്രണയമായ് മാറിയത് അറിയുമ്പോഴേക്കും......
തറവാടു ഭാഗംവെപ്പുസംബന്ധമായ വഴക്കിന്റെ പേരില്‍ രണ്ടു കുടുംബങ്ങളും ഒരിക്കലും അടുക്കാനാവാത്ത
വിധം അകന്നിരുന്നു. ഒന്നാവാന്‍ കൊതിച്ച രണ്ടുഹൃദയങ്ങള്‍ വെറുപ്പിന്റെ കാണാക്കയങ്ങളില്‍
പെട്ട് വീര്‍പ്പുമുട്ടി. അവള്‍ക്കു വിവാഹാലോചനകള്‍ പലതും വന്നുതുടങ്ങി.  എതിര്‍പ്പുകള്‍ അവഗണിച്ച്,
മനു അവളെ, തന്റെ ജീവിതസഖിയാകാന്‍ ക്ഷണിച്ചു.. അതവളെ ധര്‍മ്മസങ്കടത്തിലാക്കി. തീരുമാനമെടുക്കുമ്പോഴേക്കും നന്ദനുമായുളള അവളുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഓര്‍ക്കാനാഗ്രഹിക്കാത്ത പലതും വര്‍ഷങ്ങള്‍ക്കുശേഷം അവളുടെ മനസ്സില്‍ മിന്നി മാഞ്ഞു...പഴയ ഓര്‍മ്മകളില്‍ നിന്നും വിടുതലെന്നോണം അവള്‍ മനുവിനെ നോക്കിയപ്പോള്‍ അവനെന്തോ പറയാനൊരുങ്ങുകയായിരുന്നു “അമ്മ പറഞ്ഞാ കാര്യങ്ങളറിഞ്ഞത്...നന്ദന്റേത് ബൈക്ക് ആക്സിഡന്റ്റ് ആ‍യിരുന്നു അല്ലെ??” മനുവിന്റെ ആ ചോദ്യം അവളെ ബാല്യകാലസ്മരണകളില്‍ നിന്നും കൈപിടിച്ചുയര്‍ത്തി.

അവള്‍ “അതെ”എന്ന ഭാവത്തില്‍ തലകുലുക്കി.

“നാട്ടില്‍ വന്നപ്പോള്‍ , നിന്നെ ഒന്നു കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അപ്പോഴാണ് നീ ഇങ്ങോട്ട് തിരിച്ചുപോന്ന വിവരം അറിഞ്ഞത്.” അവന്‍ നിസ്സഹായഭാവത്തില്‍ അവളെ നോക്കി.

നേരം ഏറെ വൈകിയതിനാല്‍ , അവന്റെ കാറില്‍ തിരിച്ചു വീട്ടിലേക്കു പോകുമ്പോഴാണ് , മനു അവളോട്
മനസ്സ് തുറന്നത് . ഇത്രയും വര്‍ഷങ്ങളായിട്ടും വേറൊരാളെ ഹൃദയത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലുമവനായില്ലെന്ന്  നിറുത്തി നിറുത്തിയാണവന്‍ പറഞ്ഞത്....മ്ളാനമായ മുഖത്തൊരു പുഞ്ചിരി വരുത്താന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. 

അവളുടെ ഹൃദയത്തിലൂടെ മിന്നല്‍പ്പിണരുകള്‍ കടന്നുപോയി. കുറ്റബോധത്താല്‍ അവള്‍ തലതാഴ്ത്തി. ആര്‍ക്കും ഒന്നുംപറയാനുണ്ടായിരുന്നില്ല..അല്‍പ്പനേരത്തേക്ക് അവിടമാകെ നിശബ്ദത പടര്‍ന്നു..അല്‍പ്പം കഴിഞ്ഞ് ദിവ്യ തന്നെയാണു ഇടറുന്ന ശബ്ദത്തോടെ നിശബ്ദതയുടെ മറ നീക്കിയത്..

“ആകെത്തകര്‍ന്ന അച്ഛനെ ധിക്കരിക്കാന്‍ ...അന്നെനിക്കാവുമായിരുന്നില്ല..ഏട്ടന്മാരുടെ ഓമനയായി വളര്‍ന്നതുകൊണ്ടോ....എന്തോ.....സ്വന്തമായി തീരുമാനമെടുക്കാനുളള പക്വതയും...... അന്നില്ലായിരുന്നു.” വാക്കുകള്‍ അവളുടെ കണ്ഠത്തില്‍ ഉടക്കിയെങ്കിലും
അവള്‍ ഒരുവിധം പറഞ്ഞു തീര്‍ത്തു. .

ഏറെ നേരം നീണ്ടുനിന്ന മൌനത്തിനൊടുവില്‍ ...യാത്രപറഞ്ഞിറങ്ങാന്‍ നേരം മനു അറച്ചറച്ച്...അവളോട് വീണ്ടും മന്ത്രിക്കുമ്പോള്‍ പഴയ കുസൃതിച്ചിരിയുടെ അകമ്പടി തെല്ലുമുണ്ടായിരുന്നില്ല.

“ഇന്നും ആ പഴയ ഇഷ്ടത്തിന്റെ ഒരു ചെറിയ കണികയെങ്കിലും, മനസ്സില്‍ അവശേഷിക്കുന്നെങ്കില്‍ ......
ബീ റെഡീ......................” അവന്‍ മുഴുമിപ്പിച്ചില്ല.

“ബീ റെഡീ റ്റു ഫെയ്സ് ദ ചാലഞ്ചസ് ഇന്‍ ലൈഫ് ” വര്‍ഷങ്ങള്‍ക്കു മുന്‍പ് മനു ആദ്യമായും, അവസാനമായും അവള്‍ക്കയച്ച എഴുത്തിലുണ്ടായിരുന്ന വാചകം ദിവ്യ ഓര്‍ത്തെടുത്തു. .

പടിയിറങ്ങിപ്പോവുമ്പോള്‍ അവന്‍ തിരിഞ്ഞുനോക്കിയില്ല. അവളുടെ മനസ്സിലെ മരവിപ്പ് , ആലിപ്പഴങ്ങളായ് പൊഴിഞ്ഞുതീര്‍ന്നലിയുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.

                               *** ----- ***  ----- ***
(ചിത്രം: ഗൂഗിളില്‍ നിന്ന് )

25 comments:

  1. കൂട്ടുകാരേ..ഒരു കഥയെഴുതണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എഴുതാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. പല പോരായ്മകള്‍ വന്നപ്പോള്‍ മാറ്റിമാറ്റി, കഥ ഈ കോലത്തിലായി.തെറ്റുകുറ്റങ്ങള്‍ ഒരുപാടുണ്ടാവും...

    ReplyDelete
  2. valare nannayitundu..... iniyum ezhuthuka................................... aashamsakal.......................

    ReplyDelete
  3. ആലിപ്പഴം പോലെ സംഭവങ്ങള്‍ ജീവിതത്തില്‍ പെയ്തിറങ്ങുന്നു ഈ കഥയിലും, ജനനവും, മരണവും, വിരഹവും, വേദനയും, പ്രണയവും, പ്രണയവിരഹവും, പിന്നെ തന്റേടവും, സൌഹൃദങ്ങളും, പഴയ നല്ല ഓര്‍മകളും, നാട്ടിന്‍ പുറവും, അങ്ങനെ എല്ലാം ചേര്‍ത്ത് വെച്ച ഒരു നല്ല കഥ, ചില ഭാഗങ്ങള്‍ ആ ഹെയില്‍ സ്റൊണ്ണ്‍ പോലെ നമ്മുടെ മനസ്സിലും കൊള്ളുന്നു, ഇനിയും പ്രതീക്ഷിക്കുന്നു,,...

    ReplyDelete
  4. അവതരണം നന്നായിരിക്കുന്നു. പ്രത്യേകിച്ച് ആദ്യ ഭാഗം വളരെ നന്നായി. പിന്നീട് ഒരനുഭവം പോലെ കഥ നീളുമ്പോള്‍ വായനക്ക് ഒട്ടും മുഷിച്ചില്‍ അനുഭവപ്പെട്ടില്ല. പ്രമേയത്തില്‍ അല്പം കൂടി പുതുമ വരുത്താമെന്ന് തോന്നിയതൊഴിച്ചാല്‍ കുറവൊന്നും എനിക്ക് തോന്നിയില്ല.
    ആശംസകള്‍.

    ReplyDelete
  5. നന്ദി ജയരാജ്.
    വിനീഷ്, കഥ ഇഷ്ടായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. വായിച്ച് അഭിപ്രായം പറഞ്ഞതിനു ഹൃദയം നിറഞ്ഞ നന്ദി
    റാംജി സാര്‍ , കഥയെഴുതാന്‍ പഠിച്ചുവരുന്നതേയുളളൂ. ഭാഷയും,അവതരണവും നന്നാക്കാനായിരുന്നു ആദ്യശ്രമം, അതിനാല്‍ പലരും, പറഞ്ഞു പഴകിയ, വിഷയം തിരഞ്ഞെടുത്തു എന്നു മാത്രം. അവതരണം നന്നായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. പ്രമേയത്തില്‍ പുതുമ വരുത്താന്‍ തീര്‍ച്ചയായും ഞാന്‍ ശ്രമിക്കുന്നതാണ്. നന്ദി സാര്‍ ..കഥ വായിച്ച് അഭിപ്രായം പറയാന്‍ താങ്കളുടെ വിലപ്പെട്ട സമയം മാറ്റിവെച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  6. സഖി, കഥ മനോഹരമായിരിക്കുന്നു .അവതരണം , ന്താ പറയുക, മനസ്സില്‍ തട്ടിയ ഒരു കഥപോലെ തോന്നി. അവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി ട്ടോ

    ReplyDelete
  7. ആദ്യമായാണീവഴി.
    നല്ല കഥ, പിടിച്ചിരുത്തി.
    കാറിൽ കേട്ട പഴയ പാട്ട് വേണമായിരുന്നോ

    ReplyDelete
  8. അവതരണം മനോഹരമായിരിക്കുന്നു...

    ReplyDelete
  9. ജയരാജ്, കഥ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍ സന്തോഷം. വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി.

    സ്വാഗതം കലാവല്ലഭന്‍ ,വീണ്ടും വരിക! കാറില്‍ കേട്ട പഴയ പാട്ട് ഇഷ്ടായില്ല...അല്ലേ? :) :) തുറന്ന അഭിപ്രായത്തിനു വളരെ നന്ദി. [അവള്‍ മറ്റൊരാളുടെ സ്വന്തമായിത്തീര്‍ന്നിട്ടും അവളോടുളള സ്നേഹം ഒട്ടും മായാതെ കാത്തുസൂക്ഷിച്ച് അവനിന്നും ഏകനായി ജീവിക്കുന്നു എന്ന പൊരുളിനെ കൂടുതല്‍ ശക്തമാക്കാനാണ് ആ സന്ദര്‍ഭം സൃഷ്ടിച്ചത്.]

    ReplyDelete
  10. ജിഷാദ്, വളരെ നന്ദി! അവതരണം മനോഹരമായി എന്നറിയുന്നത് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതിന് ‘ഋതു-കഥയുടെ വസന്തം’ എന്ന ബ്ളോഗിലെ പല കൂട്ടുകാരോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ഈ കഥ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതു പോലെയാണെന്നു പറയാം. ഈ കഥയുടെ പുരാതന രൂപം പണ്ടൊരിക്കല്‍ ഞാന്‍ ഋതു വില്‍ പബ്ളിഷ് ചെയ്തിരുന്നു..അത് വാ‍യിച്ച് വിലയിരുത്തി അതിന്റെ പോരായ്മകളും, കൂടുതല്‍ നന്നാക്കാനുളള പോംവഴികളും തുറന്ന അഭിപ്രായത്തിലൂടെ പറഞ്ഞുതരാന്‍ സന്മനസ്സു കാണിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. (അന്ന് അവതരണം മൊത്തത്തില്‍ പാളിയിരുന്നു, അന്നുമുതല്‍ ഞാന്‍ ഋതുവിന്റെ സ്ഥിരം വായനാക്കാ‍രി മാത്രമായ് മാറി).

    ReplyDelete
  11. ഒരു സിനിമ കാണും പോലെ മനസ്സില്‍ കണ്ടുകൊണ്ടാണ് വായിച്ചത് ഓരോ രംഗങ്ങളും മനസ്സില്‍ ശരിക്കും കാണുകയായിരുന്നു. കഥാപാത്രങ്ങള്‍ക്കുള്ള രൂപങ്ങ്ള് പോലും കഥാകാരി എഴുതാതെ തന്നെ മനസ്സില്‍ രൂപം കൊണ്ടു.. കഥ...!! മനോഹരമായ കഥ ..!ആദ്യമായാണോ കഥ എഴുതുന്നത് ... ഞാന്‍ വിശ്വസിക്കില്ല..

    ReplyDelete
  12. Pettathe peyyunnavayum...!

    manoharam, Ashamsakal...!!!

    ReplyDelete
  13. നന്നായിരിക്കുന്നു.സ്നേഹ, പ്രേമേയം പഴയതേ​‍ാ പുതിയതേ​‍ എന്ന്തിനേക്കാളുപരി എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണു.ആദ്യ ശ്രമമായതിനാലാണു ഇ അഭിനന്ദനം,അടൂത്തതിൽ കുറെ കൂടി ശ്രദ്ധ വെക്കണം

    ReplyDelete
  14. കഥ ഇഷ്ടമായില്ല, അതു പലരും പറഞ്ഞപോലെ പലപ്പോഴായി വായിച്ച വിഷയം തന്നെയായതു കൊണ്ടാവും .

    “വിരസമായ ജീവിത സായാഹ്നങ്ങളില്‍ ...“ ഇത്രയേറെ കാലം കഴിഞ്ഞു തന്നെയാണോ കഥ നടക്കുന്നത് .ചെറിയൊരു സംശയമാണ് ;ജീവിത സായാഹ്നത്തിലെത്തിയ രണ്ടുപേരുടെ കഥയാണെന്ന് തോന്നാത്തത് കൊണ്ടാവും .

    എഴുത്ത് തുടരൂ .ആശംസകള്‍

    ReplyDelete
  15. ഹംസക്കാ,തെറ്റുകള്‍ തിരുത്താന്‍ വേണ്ടി പലപ്രാവശ്യം മാറ്റി എഴുതിയെഴുതി തഴമ്പിച്ചതിനാലായിരിക്കാം ഇതെന്റെ ആദ്യകഥയല്ലെന്നു താങ്കള്‍ക്കു തോന്നിയത്. വായനയ്ക്കു നന്ദി.

    സുരേഷ് കുമാര്‍ , താങ്കളുടെ ആദ്യവരിയിലെ ആശയം എന്തെന്നു മനസ്സിലായില്ലെങ്കിലും, എന്റെയീ ചെറിയ ലോകത്തൂടെ കടന്നുപോയതിനു നന്ദി.

    റോസാപ്പൂക്കള്‍ , നന്ദി

    ReplyDelete
  16. അനിയാ, അടുത്തകഥയുടെ പ്രമേയം പുതുമയുളളതാക്കാന്‍ തീര്‍ച്ചയായും ഞാന്‍ ശ്രമിക്കുന്നതാണ്. വായനയ്ക്ക് നന്ദി

    ReplyDelete
  17. ജീവി കരിവളളൂര്‍ , കമന്റ് എനിക്കിഷ്ടായി. ഇത്തരം അഭിപ്രായങ്ങളാണ് കഥാകാരിയുടെ വളര്‍ച്ചയ്ക്കത്യാവശ്യം. ഹൃദയം നിറഞ്ഞ നന്ദി.
    താങ്കള്‍ പറഞ്ഞപ്പോഴാണ് ‘വിരസമായ ജീവിതസായാഹ്നങ്ങളില്‍ ...’ എന്ന വരികള്‍ പലരിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരിക്കുമോയെന്ന സംശയം എനിക്കും വന്നത്. (അങ്ങനെയുളള പ്രയോഗം, കഥയുടെ തന്നെ അര്‍ത്ഥം മാറ്റുമെന്ന് ഞാന്‍ ചിന്തിച്ചതേയില്ലെന്നതാണു സത്യം) ജീവിതത്തിന്റെ, വിരസമായ സായാഹ്നങ്ങളില്‍ (വൈകുന്നേരങ്ങളില്‍ ) എന്നാണു ഞാന്‍ ഉദ്ദേശിച്ചത് , എന്നാലത് ജീവിതസായാഹ്നത്തിലെത്തിയ രണ്ടുപേരുടെ കഥയാണോയെന്ന സംശയത്തില്‍ വായനക്കാരെ എത്തിച്ചുവെന്നാല്‍ , തെറ്റ് എന്റേതു തന്നെ. പിന്നെ..ഏറെക്കാലമൊന്നും കഴിഞ്ഞല്ല കഥ നടക്കുന്നത്...ഒരു നാലോ, അഞ്ചോ വര്‍ഷം അത്രയേയുളളൂ. :) ആ ഭാഗം ഞാന്‍ വെട്ടിതിരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ?

    ReplyDelete
  18. തിരുത്തലുകളുടെ കൂട്ടത്തിൽ മനുവിന്റെ തലയിലെ വെള്ളികമ്പി കൂടി മാറ്റിക്കോളൂ..കഥ നന്നായി..കൂടുതൽ എഴുതുക എല്ലാ മംഗളങ്ങളും

    ReplyDelete
  19. ഛെ! എന്റെയൊരു കാര്യം..അതൊന്നും എന്റെ ബുദ്ധിയില്‍ തെളിഞ്ഞതേയില്ല. ദാ...ഇപ്പൊത്തന്നെ തിരുത്തിയേക്കാം..
    മന്‍സൂര്‍ ,കഥ വായിച്ചതിനും, തിരുത്താന്‍ സഹായിച്ചതിനും വളരെ വളരെ നന്ദി.

    ReplyDelete
  20. കഥ വളരെ നന്നായിട്ടുണ്ട്.....ശുഭ പര്യവസായി.

    ReplyDelete
  21. ഈ വഴി വന്നിട്ടൊരുപാട് നാളായി..ഷിമിയുടെ കഥ ആദ്യായാണ് വായിക്കുന്നത്..വളരെ ഹൃദയസ്പര്‍ശിയായി തോന്നി..നല്ല ഭാഷയും....
    ഇനിയും..എഴുതൂ..ആശംസകള്‍..എന്റെ കൂട്ടുകാരിക്ക്..

    ReplyDelete
  22. സ്വപ്ന സഖി....സഖിയുടെ കഥ എന്നെ കുറച്ചു സമയത്തേക്ക് വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോയി . ആലിപഴങ്ങള്‍ എന്റെ ദേഹത്തും വീണു. സന്തോഷായി...ഇനിയും എഴുത്തു....ഭാവുകങ്ങള്‍..

    ReplyDelete
  23. jazmikkutty ശുഭപര്യവസായിയായ കഥയല്ലെ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. ഇതുവഴി വന്നതിനും,അഭിപ്രായത്തിനും വളരെ നന്ദി.
    Bijli എന്റെ കൂട്ടുകാരിയെ പ്രതീക്ഷിച്ചു കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലമെത്രയായെന്നോ? എന്തായാലും നീ വന്നല്ലൊ. വളരെ സന്തോഷം.
    സ്വാഗതം Sneha, വന്നതില്‍ വളരെ സന്തോഷം. അഭിപ്രായത്തിനു നന്ദി. (ആലിപ്പഴങ്ങള്‍ ദേഹത്തു വീണ് പരുക്കൊന്നുമില്ലെന്നു വിശ്വസിക്കുന്നു :) )

    ReplyDelete