Thursday, June 25, 2015

ഓര്‍മ്മകളിലൂടൊരു യാത്ര


നിറമുള്ള ബാല്യത്തിന്‍ മധുരം നുകരുവാന്‍
മനസ്സൊരു മൈല്‍ദൂരം കുതിച്ച നേരം
നോവുള്ള വഴിയിലൂടോര്‍മ്മകള്‍ മേയുമ്പോള്‍
അറിയാതെ മനമാകെ നനുത്തിരുന്നു

കുളിരോര്‍മ്മ പെയ്തു കുതിര്‍ന്നൊരാ മണ്ണിലെ
കുന്നി-മഞ്ചാടിമണികള്‍ പെറുക്കിയും
ഇലഞ്ഞിപ്പൂമണമേകി വീശുന്ന കാറ്റിനെ
ഇടവഴിയോരം ചേര്‍ന്നനുഗമിച്ചെന്നുമാ
പഴയ വിദ്യാലയനടയിലെത്തും മനം
പഴമതന്‍ ഗന്ധങ്ങളിലലിഞ്ഞു ചേരും

ചെങ്കുത്തായെരിയുന്നോരര്‍ക്കനെ കൂസാതെ
കുഞ്ഞന്‍കടയിലേക്കാഞ്ഞുവലിഞ്ഞുമകത്തേക്കു
നീട്ടിയ നാലഞ്ചു നാണയത്തുട്ടുകളൊക്കെയുമുപ്പും
പുളിപ്പും, മധുരമായ് കുഞ്ഞുകൈകള്‍ നിറഞ്ഞതും

ഒരുമിച്ചിരുന്നൂതി കഞ്ഞി കുടിച്ചോടി
ഇടംവലം കൈകോര്‍ത്താ പാടവരമ്പിലൂടാടി-
ത്തിമിര്‍ത്തും, കുഞ്ഞുപാവാടത്തുമ്പി-
ലിഴചേര്‍ന്നൊരായിരം മുത്തങ്ങള്‍ നുള്ളിയെറിഞ്ഞും

പോരും വഴിയിലായ് മാമ്പൂ മണത്തും
ഞാവലും, നെല്ലിയും മെല്ലെയുലുത്തിയും
അക്കരെ നില്‍ക്കുമാ അമ്മിണിയാടിനെ
തൊട്ടുതലോടിയും, പ്ളാവില നീട്ടിയും

ആറിത്തണുത്തേറെ വൈകിയെത്തുന്നതും
ചൂടേറും ചൂരല്‍പ്പഴങ്ങളെണ്ണിയെടുത്തതും
അകതാരില്‍ നിറയുമാ നനവുള്ളൊരോര്‍മ്മകള്‍
അകലുന്നു മൌനത്തിന്‍ ചിറകേറി മെല്ലെ.

27 comments:

 1. ഒരിക്കലും തിരിച്ച്‌ കിട്ടാത്ത ബാല്യകാലം തിരിച്ച്പോകുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും

  ReplyDelete
  Replies
  1. ഓര്‍മ്മകളിലൂടെ മാത്രം പോയ്‌വരാന്‍ കഴിയുന്നൊരു കാലം...ഇതുവഴി വീണ്ടും വന്നതില്‍ സന്തോഷം.

   Delete
 2. ഓർമകളിലൂടെയുള്ള യാത്ര ഭംഗിയായി.

  ചിലയിടങ്ങളിൽ ആ വായിച്ചു വരുന്ന ഒഴുക്ക് കിട്ടുന്നില്ല എന്ന് തോന്നി. ഉദാഹരണത്തിന് മനസ്സൊരു മൈൽ ദൂരം. പകരം മനസ്സൊരു കാതം കുതിച്ച നേരം എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എന്ന് തോന്നി. അത് പോലെ "നേർത്തിരുന്നു' എന്നത്. ഇങ്ങിനെ അങ്ങുമിങ്ങും കൊച്ചു കൊച്ചു കാര്യങ്ങൾ പലയിടങ്ങളിലും കണ്ടു. വീണ്ടും ഒരു വട്ടം വായിക്കുമ്പോൾ തിരുത്തലുകൾ നടത്തിയാൽ പ്രസിദ്ധീകരണത്തിന് മുൻപ് കവിത ഭംഗിയാകും.

  കവിത നന്നായി.

  ReplyDelete
 3. ഓർമകളിലൂടെയുള്ള യാത്ര ഭംഗിയായി.

  ചിലയിടങ്ങളിൽ ആ വായിച്ചു വരുന്ന ഒഴുക്ക് കിട്ടുന്നില്ല എന്ന് തോന്നി. ഉദാഹരണത്തിന് മനസ്സൊരു മൈൽ ദൂരം. പകരം മനസ്സൊരു കാതം കുതിച്ച നേരം എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എന്ന് തോന്നി. അത് പോലെ "നേർത്തിരുന്നു' എന്നത്. ഇങ്ങിനെ അങ്ങുമിങ്ങും കൊച്ചു കൊച്ചു കാര്യങ്ങൾ പലയിടങ്ങളിലും കണ്ടു. വീണ്ടും ഒരു വട്ടം വായിക്കുമ്പോൾ തിരുത്തലുകൾ നടത്തിയാൽ പ്രസിദ്ധീകരണത്തിന് മുൻപ് കവിത ഭംഗിയാകും.

  കവിത നന്നായി.

  ReplyDelete
  Replies
  1. ഇത്രയും വിശദമായ വിലയിരുത്തലിന് , തുറന്ന അഭിപ്രായത്തിന് നന്ദി. കുറച്ച് കല്ലുകടി എനിക്കും തോന്നിയിരുന്നു. ഒന്നു രണ്ടു തവണ കൂടി വായിക്കേണ്ടതായിരുന്നു. ധൃതി കൂടിപ്പോയി. തീര്‍ച്ചയായും തിരുത്താന്‍ ശ്രമിക്കുന്നതാണ്.

   Delete
 4. നനവുള്ളോരോര്‍മകള്‍..!!

  ReplyDelete
  Replies
  1. ഇതുവഴി ആദ്യമായാണ് അല്ലേ? വന്നതില്‍ വളരെ സന്തോഷം

   Delete
 5. നിറമുള്ള ബാല്യത്തിൻ നനവുള്ളൊരോർമ്മകൾ.!!!!

  നന്നായിട്ടുണ്ട്‌.ആശംസകൾ.!!!

  ReplyDelete
  Replies
  1. ഇതുവഴി വന്നതിലും, വായിച്ചതിലും വളരെ സന്തോഷം

   Delete
 6. ഓർമ്മകളിലൂടെയുള്ള യാത്ര നന്നായിട്ടുണ്ട്. പക്ഷേ അങ്ങിങ്ങ് കല്ലും കട്ടയും യാത്ര ഒരല്പം ബുദ്ധിമുട്ടാക്കുന്നു. അടുത്ത കവിത ഒന്നുകൂടി നന്നാക്കുക.

  ReplyDelete
  Replies
  1. യാത്രയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. അടുത്ത കവിതയല്ല..ഇതു തന്നെ കുറച്ചുകൂടി മാറ്റം വരുത്തി നന്നാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴി വന്നതിലും, തുറന്ന അഭിപ്രായത്തിനും നന്ദി.

   Delete
 7. ഓര്‍മ്മയിലൂടെ ഒരു യാത്രയ്ക്ക് ടിക്കറ്റ് വേണ്ടല്ലോ

  ReplyDelete
  Replies
  1. അജിത്തേട്ടാ...പതിവു തെറ്റിച്ചില്ല. വളരെ സന്തോഷം.

   Delete
 8. മധുരസ്മരണയുണര്‍ത്തുന്ന ബാല്യകാലം.....
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പേട്ടനും പതിവു തെറ്റിച്ചില്ല. വളരെ സന്തോഷം

   Delete
 9. നല്ല കവിത... ഇത് വായിച്ചു കുളിരോര്‍മ്മ പെയ്തു കുതിർന്നു എന്റെ മനവും... എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. വായിച്ചു കുളിരോടെ മടങ്ങുന്നതില്‍ വളരെ സന്തോഷം.

   Delete
 10. നനുത്ത ബാല്യത്തിലെ കുളിരുള്ള ഓര്‍മ്മകളിലേക്ക്....ലളിതമായ വരി കളി കൂടെ കൊണ്ട് പോയി..... നല്ലെഴുത്തിന് ആശംസകൾ......

  ReplyDelete
  Replies
  1. ഇതുവഴി വന്നതിലും, വായിച്ചതിലും വളരെ സന്തോഷം.

   Delete
 11. മകരമഞ്ഞിന്റെ കുളിരോലുമോർമകൾ
  മനസ്സിലെപ്പോഴുമോഴുകിയെത്തീടവേ,
  ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
  കവിൾ ചേർത്തപോൽ കണ്ണടച്ചു ഞാൻ...

  ഈ മരുഭൂവിലെ പുകയുന്ന കാറ്റിൽ
  വർത്തമാനത്തിന്റെ നേരിലേക്കുണരുവാൻ...

  ReplyDelete
  Replies
  1. സുഖമുള്ള വരികള്‍ .
   ഇതുവഴി വന്നതില്‍ സന്തോഷം.

   Delete
 12. ഓർമ്മകൾ ഒരനുഗ്രഹമാണ്‌ അല്ലേ? പോയകാലത്തിന്റെ ചവർപ്പും,മധുരവും വീണ്ടും,വീണ്ടും നൊട്ടിനുണയാൻ ദൈവം കനിഞ്ഞു നല്കിയത്...
  കവിത ഇഷ്ടായി ട്ടോ!

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ ഒരനുഗ്രഹം തന്നെ.
   സന്തോഷം. വായനയ്ക്ക് നന്ദി.

   Delete
 13. ഒരുപാട് നാളുകളായി എഴുതിയിട്ട്. ഒരുപാട് നല്ല ബ്ലോഗ് സൗഹൃദങ്ങള് കിട്ടിയത് ഞാനായിട്ട് കളഞ്ഞു. എല്ലാവരെയും വീണ്ടും കാണാന് ആഗ്രഹമുണ്ട്. എന്‌റെ പുതിയ ബ്ലോഗ് പാല്മിറയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
  http://palmyravv.blogspot.ae/

  ReplyDelete