Thursday, June 25, 2015

ഓര്‍മ്മകളിലൂടൊരു യാത്ര


നിറമുള്ള ബാല്യത്തിന്‍ മധുരം നുകരുവാന്‍
മനസ്സൊരു മൈല്‍ദൂരം കുതിച്ച നേരം
നോവുള്ള വഴിയിലൂടോര്‍മ്മകള്‍ മേയുമ്പോള്‍
അറിയാതെ മനമാകെ നനുത്തിരുന്നു

കുളിരോര്‍മ്മ പെയ്തു കുതിര്‍ന്നൊരാ മണ്ണിലെ
കുന്നി-മഞ്ചാടിമണികള്‍ പെറുക്കിയും
ഇലഞ്ഞിപ്പൂമണമേകി വീശുന്ന കാറ്റിനെ
ഇടവഴിയോരം ചേര്‍ന്നനുഗമിച്ചെന്നുമാ
പഴയ വിദ്യാലയനടയിലെത്തും മനം
പഴമതന്‍ ഗന്ധങ്ങളിലലിഞ്ഞു ചേരും

ചെങ്കുത്തായെരിയുന്നോരര്‍ക്കനെ കൂസാതെ
കുഞ്ഞന്‍കടയിലേക്കാഞ്ഞുവലിഞ്ഞുമകത്തേക്കു
നീട്ടിയ നാലഞ്ചു നാണയത്തുട്ടുകളൊക്കെയുമുപ്പും
പുളിപ്പും, മധുരമായ് കുഞ്ഞുകൈകള്‍ നിറഞ്ഞതും

ഒരുമിച്ചിരുന്നൂതി കഞ്ഞി കുടിച്ചോടി
ഇടംവലം കൈകോര്‍ത്താ പാടവരമ്പിലൂടാടി-
ത്തിമിര്‍ത്തും, കുഞ്ഞുപാവാടത്തുമ്പി-
ലിഴചേര്‍ന്നൊരായിരം മുത്തങ്ങള്‍ നുള്ളിയെറിഞ്ഞും

പോരും വഴിയിലായ് മാമ്പൂ മണത്തും
ഞാവലും, നെല്ലിയും മെല്ലെയുലുത്തിയും
അക്കരെ നില്‍ക്കുമാ അമ്മിണിയാടിനെ
തൊട്ടുതലോടിയും, പ്ളാവില നീട്ടിയും

ആറിത്തണുത്തേറെ വൈകിയെത്തുന്നതും
ചൂടേറും ചൂരല്‍പ്പഴങ്ങളെണ്ണിയെടുത്തതും
അകതാരില്‍ നിറയുമാ നനവുള്ളൊരോര്‍മ്മകള്‍
അകലുന്നു മൌനത്തിന്‍ ചിറകേറി മെല്ലെ.