Wednesday, November 6, 2013

മഴ


മണ്ണിന്‍ മാറില്‍
മുഖം പൂഴ്ത്തി
സുഖസുഷുപ്തിയിലാണ്ട
വിത്തുകളെ
തഴുകിയുണര്‍ത്തും
പുതുമഴയ്ക്ക്,
അമ്മയുടെ
കരലാളനത്തിന്‍ സുഖം

തളിരിലകളെ
മെല്ലെ തലോടി
വിരല്‍ത്തുമ്പുനീട്ടി
കരുതലോടെ
കൈപിടിച്ചുയര്‍ത്തും
തുലാമഴയ്ക്ക്,
അച്ഛന്റെ
ശാസനയുടെ സ്വരം

പുതുനാമ്പുകളെ
പിച്ചിച്ചീന്തിയും
വലിച്ചിഴച്ചും,
മരമുത്തശ്ശന്മാരുടെ
അടിവേരുകള്‍
പിഴുതെറിഞ്ഞും
മണ്‍ചിരാതുകളൂതി
ക്കെടുത്തിയും,
ശൂന്യതയില്‍
പടുത്തുയര്‍ത്തിയ
ചിതല്‍ക്കൊട്ടാരങ്ങളെ
വീണ്ടും മണ്ണിലലിയിച്ചും,
ഇഴമുറിയാതെ പെയ്യും
പേമാരിയ്ക്ക്,
പേരുപോല്‍ ചില
പേ പിടിച്ച മക്കളുടെ ഭാവം.

17 comments:

  1. ഇഴമുറിയാതെ പെയ്യും
    പേമാരിയ്ക്ക്,
    പേരുപോല്‍ ചില
    പേ പിടിച്ച മക്കളുടെ ഭാവം.

    Good one ..

    ReplyDelete
    Replies
    1. നന്ദി നീലിമ...ഇതുവഴി വന്നതിലും..അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.

      Delete
  2. മഴയുടെ വിവിധ ഭാവങ്ങൾ നന്നായി എഴുതി നല്ല കവിത

    ReplyDelete
    Replies
    1. എന്റെ വരികളിലൂടെ കടന്നുപോയതിനു നന്ദി..

      Delete
  3. അപ്പോള്‍ കന്നിമഴ കടിഞ്ഞൂല്‍ കുഞ്ഞിന്‍റെ പിറവി പോലെ
    ആഹ്ലാദാരവത്തോടെ വരുന്നു അല്ലേ.
    കൊള്ളാം രചന
    ആശംസകള്‍

    ReplyDelete
    Replies
    1. കന്നിമഴ കടിഞ്ഞൂല്‍ കുഞ്ഞിന്റെ പിറവി പോലെ! നല്ലൊരു പ്രയോഗം തങ്കപ്പേട്ടാ...

      വന്നതിലും, അഭിപ്രായമറിയിച്ചതിലും നന്ദി.

      Delete
  4. കൊള്ളാം...ഇഷ്ടപ്പെട്ടുു

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്ക് നന്ദി

      Delete
  5. മഴയ്ക്കെന്തെല്ലാം ഭാവങ്ങളാണല്ലേ? മനോഹരമഴ!!

    ReplyDelete
    Replies
    1. മഴയെ മനുഷ്യരുമായി ഒന്നു താരതമ്യം ചെയ്തു നോക്കിയതാ..അജിത്തേട്ടാ. മഴയ്ക്ക് ഇനിയുമൊരുപാട് ഭാവങ്ങള്‍ .

      വായനയ്ക്കും, അഭിപ്രായം കുറിച്ചതിനും വളരെ നന്ദി.

      Delete
  6. പുതുമഴയും മണ്ണിന്റെ ഗന്ധവും മറക്കാൻ കഴിയുമോ... ഈ കവിതയും...

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി കൊച്ചനിയാ..

      Delete
  7. മഴയച്ചന്‍ ,.... മഴയമ്മ ,.......:)-

    ReplyDelete
    Replies
    1. മഴയച്ഛന്‍ , മഴയമ്മ പിന്നെ മഴമക്കളും.. :)
      ഇതുവഴി വന്നതിനു നന്ദി..

      Delete
  8. മഴയുടെ ഭാവഭേദങ്ങൾ..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വരികളിലൂടെ കടന്നുപോയതിനു നന്ദി .

      Delete
  9. പെയ്തൊഴിയാതെ അമ്മയും അച്ഛനും മക്കളും...!

    ReplyDelete