Thursday, October 31, 2013

തെലുങ്കു-മലയാളം പഠനസഹായി



കഴിഞ്ഞദിവസം പരിചയപ്പെട്ട ഹൈദരാബാദുകാരുടെ, കൂടെയുണ്ടായിരുന്ന അമ്മ പുഞ്ചിരിക്കുകയല്ലാതെയൊന്നും മിണ്ടിയില്ല. ഭാഷാപ്രശ്നമാണെന്നു മനസ്സിലായി. കേരളത്തിന്റെ ഒരുകോണിലെ ഭാഷ മറ്റൊരു കോണിലുള്ളവര്‍ക്ക് മനസ്സിലാകാന്‍ നാക്ക് വടിച്ചുള്ള മലയാളം മതിയാകുമെങ്കിലും...ദക്ഷിണേന്ത്യക്കാര്‍ക്ക് തമ്മിലൊന്നു സംസാരിക്കണമെങ്കില്‍ ഒന്നുകില്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണം അല്ലേല്‍ സായിപ്പിന്റെ ഭാഷ കുറച്ചുനേരത്തേക്ക് കടമെടുക്കണം. പിറ്റേദിവസം അമ്മ തനിച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ . പുഞ്ചിരി സമ്മാനിച്ച് കടന്നുപോയ അവരെ ഞാന്‍ പതിയെ “അമ്മേ” എന്നു വിളിച്ചു. സഡന്‍ ബ്രേക്കിട്ട പോലെ അവര്‍ നിന്നു. ഭാഗ്യം! ‘അമ്മ’ തെലുങ്കിലും ‘അമ്മ’ തന്നെ. ആശ്വാസമായി.

“ഹൈദരാബാദ് ല്ലെ?.” എന്റെ ചോദ്യത്തിലെ മലയാളം അമ്മക്കു മനസ്സിലായി. അമ്മ തല കുലുക്കി

“ഞാന്‍ മലയാളി..കേരള..കേരള...”

സംസാ‍രിക്കാനൊരാളെ കിട്ടിയതിന്റെ സന്തോഷത്തില്‍ ചിരിച്ചുകൊണ്ട് “ഉം” എന്നു പറഞ്ഞ ശേഷം കടുകുവറുത്തിടുന്നതുപോലെ തെലുങ്കിലെന്തൊക്കെയോ മറുചോദ്യം ചോദിച്ചു. തമിഴ് ‘കേട്ടാലെങ്കിലും’ മനസ്സിലാകും ഇത് അതുപോലെയല്ല. എനിക്കൊരക്ഷരം പിടിക്കാന്‍ കിട്ടിയില്ല. ഞാന്‍ ആ അമ്മയുടെ പഴയ പുഞ്ചിരി കടമെടുത്തു മുഖത്തു ഫിറ്റ് ചെയ്തു. നാട്ടിലെല്ലാരോടും ഒരുപാടുസംസാരിക്കുന്ന ഒരമ്മയായിരിക്കണം. ആ വീര്‍പ്പുമുട്ടല്‍ എനിക്കൂഹിക്കാമായിരുന്നു. ഞാന്‍ കളമൊന്നു മാറ്റിച്ചവിട്ടി.

“അമ്മക്ക് തമിള്‍ തെരിയുമാ” വിജയ് സിനിമ മുടങ്ങാതെ കണ്ടതിന്റെ ഗുണമേ!

“കൊഞ്ചം കൊഞ്ചം” അമ്മ പറഞ്ഞു.

നല്ലായിരിക്കിങ്ഗ്ളാ? വീട് എങ്കെ? ടീ സാപ്പിട്ടാച്ചാ? എനിക്കറിയാവുന്നതൊക്കെ വെച്ചു കാച്ചി. സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ മറുപടികളെല്ലാം മാതൃഭാഷയില്‍ !!! ഞാന്‍ എയ്തുവിട്ട അമ്പുകളോരോന്നായ് തിരിച്ചുവന്ന് എന്റെ മണ്ടയിലേക്ക് കേറാതെ പാതിവഴിയില്‍ തറച്ചതു കണ്ടു ഞാന്‍ പകച്ചു നിന്നു. എന്റെ ആവനാഴി കാലിയായി. ഇനിയെന്താ ചോദിക്കേണ്ടത്? തലയിലെ തമിള്‍ വായിലെത്തുമ്പോഴേക്കും വെള്ളം ചേര്‍ത്ത മലയാളമായിപ്പോവുന്നു. ഞാന്‍ പൊട്ടന്‍ പുട്ടുവിഴുങ്ങിയപോലെ അമ്മയെ നോക്കി. അപ്പോഴേക്കും എന്റെ സ്ട്രീറ്റ് എത്തിയിരുന്നു, റ്റാറ്റയും പറഞ്ഞ് ഞാന്‍ നടന്നകകന്നു.

ഇപ്പൊ അമ്മ എന്നെ ദൂരെ നിന്നുകാണുമ്പൊ അവിടെ കാത്തു നില്‍ക്കും. ഞങ്ങള്‍ ആംഗ്യഭാഷയും അല്പം തമിഴും,തെലുങ്കും,മലയാളവും ഒക്കെ കലര്‍ത്തി ഞങ്ങളുടേതായ ഒരു ഭാഷയുണ്ടാക്കി. എന്റെ മോളെക്കണ്ടപ്പൊ അമ്മ ചോദിച്ചു “പാപ്പാ...? ബാബു...?” ഞാന്‍ അമ്മയുടെ മുഖത്തേക്ക് നിസ്സഹായ ഭാവത്തില്‍ നോക്കി. അമ്മ വീണ്ടും രണ്ടുതവണ ചോദ്യമാവര്‍ത്തിച്ചു. ഉത്തരത്തിനായ് എന്നെയവര്‍ ഉറ്റുനോക്കുന്നു. ഞാന്‍ അധികമൊന്നും ആലോചിക്കാന്‍ പോയില്ല. രണ്ടു ഓപ്ഷനുകളില്‍ നിന്നും, ഒന്നു കണ്ണും പൂട്ടി നറുക്കിട്ടെടുത്തിട്ടു പറഞ്ഞു. “പാപ്പ”. ഞാന്‍ കറക്കിക്കുത്തിയ ഉത്തരം ശരിയാണോയെന്നറിയാന്‍ വീട്ടിലെത്തിയ ഉടന്‍ ഗൂഗിളമ്മയുടെ സഹായം തേടി. ഉത്തരം കണ്ടെത്തിയ ഞാന്‍ പി.എസ്.സി പരീക്ഷയിലെ വിജയിയെപ്പോലെ സന്തോഷം കൊണ്ടുതുള്ളിച്ചാടി.

മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ , ജഗതി, തമിഴ് മന:പാഠമാക്കിയ പോലെ ‘വേറെയാളുടെ അമ്മയായിരുന്നാലും നീയെന്‍ അമ്മയെപ്പോലെ’ എന്നു പറയാന്‍ മാത്രം ഒരു പുസ്തകം വാങ്ങിയാലോ എന്നൊരാലോചന. ‘തെലുങ്കു-മലയാളം പഠനസഹായി’ !!!

5 comments:

  1. ഏമണ്ടീ, ഭാഗാ ഉന്നാരാ?

    ReplyDelete
  2. നേനു ഭാഗുന്നാനു. മീരു ഭാഗുന്നാരാ? :)

    നന്ദി അജിത് സര്‍ ... വന്നതിലും വായിച്ചതിലും സന്തോഷം.

    ReplyDelete
  3. അതെ.. ഒരു തെലുങ്ക്-മലയാളം ഭാഷാസഹായി അത്യാവശ്യം.
    ശരിയായ ആശയവിനിമയത്തിന് ഭാഷ ഒരു പ്രശ്നമേയല്ലല്ലോ.

    ReplyDelete
  4. ശരിയായ ആശയവിനിമയത്തിന് ഭാഷ ഒരു പ്രശ്നമേയല്ല. സത്യം. ശരീരഭാഷയെക്കുറിച്ചൊരു ലേഖനം ഇപ്പൊ വായിച്ചതേയുള്ളൂ.

    നന്ദി കൊച്ചനിയാ.. ഇതുവഴി വന്നതില്‍ സന്തോഷം.

    ReplyDelete
  5. എല്ലാഭാഷകളും പഠിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....
    അല്ലേ?
    ആശംസകള്‍

    ReplyDelete